സഭയില്‍ വിശ്വാസം തെളിയിക്കാന്‍ ഷിന്‍ഡെ; മഹാരാഷ്ട്രയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്

ഇന്നലെ നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തിന് വിജയിച്ചിരുന്നു
മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ/ പിടിഐ ചിത്രം
മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ/ പിടിഐ ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ട് തേടും. രാവിലെ 11 മണിയോടെ പ്രത്യേക സഭാ സമ്മേളനം ചേര്‍ന്നാണ് വോട്ടെടുപ്പ്. 143 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഇന്നലെ നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തിന് വിജയിച്ചിരുന്നു. 

ഈ സാഹചര്യത്തില്‍ അനായാസം സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിയും ശിവസേനാ വിമതരും. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ 164 പേരുടെ വോട്ടാണ് ബിജെപി സഖ്യസ്ഥാനാർത്ഥി രാഹുല്‍ നര്‍വേക്കര്‍ക്ക് കിട്ടിയത്.  മഹാ വികാസ് അഘാഡിയുടെ രാജന്‍ സാല്‍വിയ്ക്ക് 107 വോട്ടുകളാണ് ലഭിച്ചത്. എന്‍ഡിഎയുടെ ഭാഗമല്ലാത്ത എംഎന്‍എസ്, ബഹുജന്‍ വികാസ് അഘാഡി എന്നിവരുടെ വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചു. 

സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ക്കൊപ്പം ഷിന്‍ഡെയും ഫഡ്‌നാവിസും
സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ക്കൊപ്പം ഷിന്‍ഡെയും ഫഡ്‌നാവിസും

പുതിയ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറാണ് ഇന്ന് സഭാ നടപടികള്‍ നിയന്ത്രിക്കുക. മഹാരാഷ്ട്ര നിയമസഭയുടെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കറാണ് 45കാരനായ രാഹുല്‍ നര്‍വേക്കര്‍. ശിവസേനയില്‍ നിന്ന് എന്‍സിപിയിലേക്കും, അവിടെ നിന്നും ബിജെപിയിലേക്കും എത്തിയ നേതാവാണ് രാഹുല്‍ നര്‍വേക്കര്‍. കൊളാബ മണ്ഡലത്തില്‍ നിന്നാണ് രാഹുല്‍ വിജയിച്ചത്. ഉദ്ധവ് താക്കറെ സര്‍ക്കാര്‍ അവസാന ദിനങ്ങളില്‍ രണ്ടു സ്ഥലങ്ങളുടെ പേരുമാറ്റിയതില്‍ പ്രതിഷേധിച്ച് രണ്ടു സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നിന്നിരുന്നു. 

ഏറെ നാടകീയതയ്‌ക്കൊടുവിലാണ് ശിവസേനാ വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡേ മഹാരാഷ്ട്രയുടെ 20-ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഉദ്ധവ് താക്കറെ സര്‍ക്കാരുമായി പിണങ്ങിപ്പിരിഞ്ഞ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത ശിവസേന സഖ്യം ബിജെപിയുമായി കൈകോര്‍ക്കുകയായിരുന്നു. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായ സര്‍ക്കാരില്‍ ഷിന്‍ഡെ ഉപമുഖ്യമന്ത്രിയാകുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ നാടകീയമായി ഷിന്‍ഡെയെ മുഖ്യമന്ത്രിയായി ഫഡ്‌നാവിസ് പ്രഖ്യാപിക്കുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com