ക്ലാസില്‍ കുട്ടികള്‍ കയറുന്നില്ല, ശമ്പളമായി വാങ്ങിയ 23 ലക്ഷം രൂപ മടക്കി നല്‍കി കോളജ് അധ്യാപകന്‍; വിചിത്രം

ബിഹാറില്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ കഴിയാത്തതിന്റെ വിഷമത്തില്‍ ശമ്പളം തിരികെ വാങ്ങാന്‍ ആവശ്യപ്പെട്ട് അധ്യാപകന്‍
ലാലന്‍ കുമാര്‍, ട്വിറ്റര്‍
ലാലന്‍ കുമാര്‍, ട്വിറ്റര്‍

പട്‌ന: ബിഹാറില്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ കഴിയാത്തതിന്റെ വിഷമത്തില്‍ ശമ്പളം തിരികെ വാങ്ങാന്‍ ആവശ്യപ്പെട്ട് അധ്യാപകന്‍. വിദ്യാര്‍ഥികള്‍ ക്ലാസില്‍ കയറാത്തത് മൂലം പഠിപ്പിക്കാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് തനിക്ക് ലഭിച്ച ശമ്പളവും മറ്റു അനുകൂല്യങ്ങളും തിരികെ വാങ്ങാന്‍ കോളജ് അധ്യാപകന്‍ അധികൃതരോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ രണ്ടുവര്‍ഷം ഒന്‍പത് മാസം കാലയളവില്‍ ശമ്പളവും മറ്റു അനുകൂല്യങ്ങളുമായി തനിക്ക് ലഭിച്ച 20 ലക്ഷം രൂപ തിരികെ വാങ്ങണമെന്നതാണ് അധ്യാപകന്റെ വിചിത്ര ആവശ്യം.

മുസഫര്‍പുര്‍ ബാബാ സാഹിബ് ഭീം റാവു അംബേദ്കര്‍ സര്‍വകലാശാല അധ്യാപകനായ ലാലന്‍ കുമാറാണ് അധികൃതരെ സമീപിച്ചത്. ക്ലാസില്‍ കുട്ടികള്‍ കയറാതെ വെറുതെ ശമ്പളം വാങ്ങുന്നതിലുള്ള ദുഃഖമാണ് ഇതിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സര്‍വകലാശാലയില്‍ ലാലന്‍ കുമാര്‍ സമര്‍പ്പിച്ച 23.82 ലക്ഷം രൂപയുടെ ചെക്ക് വാങ്ങാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് കാണിച്ച് പ്രോ വൈസ് ചാന്‍സലര്‍ അപേക്ഷ നിരസിച്ചു.

'പണം തിരികെ വാങ്ങണമെന്ന് ആവശ്യപ്പെട്ട് അധികൃതരെ പ്രതിസന്ധിയിലാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എനിക്ക് പഠിപ്പിക്കാന്‍ കഴിയുന്നില്ല, എനിക്ക് ശമ്പളം വാങ്ങാന്‍ അര്‍ഹതയില്ല എന്ന വാദമാണ് മുന്നോട്ടുവെച്ചത്.' -2019ല്‍ ബിഹാര്‍ പിഎസ് സി നടത്തിയ അസിസ്റ്റന്റ് പ്രൊഫസര്‍ പരീക്ഷയില്‍ ഉന്നത റാങ്ക് നേടി ജോലിയില്‍ പ്രവേശിച്ച ലാലന്‍കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ. 

ആദ്യ 20 റാങ്കുകാരില്‍ ഒരാളായിട്ട് പോലും തനിക്ക് വടക്കന്‍ ബിഹാര്‍ ടൗണിലെ മോശം കോളജിലാണ് ജോലി ലഭിച്ചതെന്നും ലാലന്‍ കുമാര്‍ ആരോപിക്കുന്നു. തനിക്ക് സ്ഥലംമാറ്റം വേണമെന്നാവശ്യപ്പെട്ട് ലാലന്‍ കുമാര്‍ നിരവധി തവണ അപേക്ഷ നല്‍കിയതായി പ്രൊ വൈസ് ചാന്‍സലര്‍ സമ്മതിച്ചു. എന്നാല്‍ ക്ലാസില്‍ കുട്ടികള്‍ കയറുന്നില്ല എന്ന പരാതി ഇതിന് മുന്‍പ് ഉന്നയിക്കാതിരുന്നതില്‍ പ്രൊ വൈസ് ചാന്‍സലര്‍ അമ്പരപ്പ് പ്രകടിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com