ഭാര്യയെ വെറും എടിഎം ആയി കാണുന്നത് പീഡനം; വിവാഹ മോചനം അനുവദിക്കാമെന്ന് ഹൈക്കോടതി

യാതൊരു വൈകാരിക ബന്ധവും ഇല്ലാതെ ഭാര്യയെ പണം കിട്ടുന്നതിനുള്ള യന്ത്രം ആയി കാണുന്നത് മാനസിക പീഡനം തന്നെയാണെന്ന് കര്‍ണാടക ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരൂ: യാതൊരു വൈകാരിക ബന്ധവും ഇല്ലാതെ ഭാര്യയെ പണം കിട്ടുന്നതിനുള്ള യന്ത്രം ആയി കാണുന്നത് മാനസിക പീഡനം തന്നെയാണെന്ന് കര്‍ണാടക ഹൈക്കോടതി. യുവതിയുടെ വിവാഹ മോചന ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് അലോക് ആരാധെയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിധി.

വിവാഹ മോചനം നിരസിച്ച കീഴ്‌ക്കോടതി വിധിക്കെതിരെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. തന്റെ പക്കല്‍ നിന്നു നിരന്തരം പണം വാങ്ങുന്ന ഭര്‍ത്താവ് യാതൊരു പ്രതിബദ്ധതയും കാണിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് യുവതി വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയത്.

ബിസിനസ് നടത്താന്‍ എന്നു പറഞ്ഞ് ഭര്‍ത്താവ് യുവതിയില്‍നിന്ന് 60 ലക്ഷം രൂപ കൈപ്പറ്റിയതായി കോടതി ചൂണ്ടിക്കാട്ടി. പണം കിട്ടുന്ന ഒരു യന്ത്രമായി മാത്രമാണ് ഇയാള്‍ ഭാര്യയെ കണ്ടത്. ഭര്‍ത്താവിന് യുവതിയോടു യാതൊരു വൈകാരിക അടുപ്പവും ഇല്ല, യാന്ത്രികമായ ബന്ധം മാത്രമാണ് അയാള്‍ക്കുള്ളത്. ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ യുവതി മാനസിക പീഡനം അനുഭവിച്ചതായി വ്യക്തമാണെന്ന് കോടതി പറഞ്ഞു.

1991ലാണ് ഇവരുടെ വിവാഹം നടക്കുന്നത്. 2001ല്‍ ഒരു കുട്ടി ജനിക്കുകയും ചെയ്തു. നേരത്തെ ബിസിനസ് നടത്തുകയായിരുന്ന ഭര്‍ത്താവ് കടുത്ത സാമ്പത്തിക പ്രയാസത്തില്‍ ആയിരുന്നു. ഭര്‍ത്താവിന്റെ കഷ്ടപ്പാട് കണ്ടാണ് യുവതി ബാങ്കില്‍ ജോലിക്കു ചേര്‍ന്നത്. അങ്ങനെ അവര്‍ കുടുംബത്തിനു താങ്ങായി. 2008 മുതല്‍ താന്‍ ഭര്‍്ത്താവിനു പണം നല്‍കുന്നുണ്ടെന്നും എന്നാല്‍ വായ്പ തിരിച്ചടയ്ക്കാനോ ബിസിനസ് മുന്നോട്ടുകൊണ്ടുപോവാനോ ഇയാള്‍ ശ്രമിക്കുന്നില്ലെന്നും ഭാര്യ പറഞ്ഞു. ദുബൈയില്‍ സലൂണ്‍ തുടങ്ങുന്നതിനായി യുവതി ഭര്‍ത്താവിനു പണം നല്‍കി. എന്നാല്‍ ഈ പണവും ധൂര്‍ത്തടിച്ചു കളയുകയായിരുന്നെന്നാണ് അവര്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com