ദ്രൗപദി മുര്‍മു നാളെ അധികാരമേല്‍ക്കും; സത്യപ്രതിജ്ഞയ്ക്ക് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 24th July 2022 10:20 AM  |  

Last Updated: 24th July 2022 10:20 AM  |   A+A-   |  

droupadi_murmu

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: ഇന്ത്യയുടെ 15-മത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14 നാണ് സത്യപ്രതിജ്ഞ. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ പുതിയ രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.

സത്യപ്രതിജ്ഞയ്‌ക്ക് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 9.22 ന് രാഷ്‌ട്രപതി ഭവനിലെ നോർത്ത് കോർട്ടിലെത്തുന്ന
ദ്രൗപദി മുർമു കാലാവധി പൂർത്തിയാക്കുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിക്കും. തുടർന്ന് 9.49ന് രാഷ്ട്രപതിക്കുള്ള പ്രത്യേക വാഹനത്തിൽ ഇരുവരും പാർലമെന്റിലേക്ക് പുറപ്പെടും.

രാവിലെ 10.03ന് രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവും ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയും ചീഫ് ജസ്റ്റിസ് എൻ വി രമണയും ചേർന്ന് ഇരുവരെയും സ്വീകരിക്കും.10.11ന് പുതിയ രാഷ്‌ട്രപതിയുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് ആഭ്യന്തര സെക്രട്ടറി വായിക്കും. തുടർന്ന് 10.14ന് ദ്രൗപദി മുർമുവിന് ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും. പിന്നാലെ സ്ഥാനമൊഴിയുന്ന രാഷ്‌ട്രപതി ഇരിപ്പിടം കൈമാറും.

പരമോന്നത പദവിയില്‍ എത്തുന്ന രണ്ടാമത്തെ വനിത

രാജ്യത്തിന്റെ പരമോന്നത പദവിയില്‍ എത്തുന്ന രണ്ടാമത്തെ വനിതയാണ് ദ്രൗപദി മുർമു. ആദിവാസി വിഭാഗത്തിൽനിന്ന് ഒരാൾ ചരിത്രത്തിൽ ആദ്യമായി  രാജ്യത്തിന്റെ സർവ സൈന്യാധിപ ആകുന്നു എന്ന സവിശേഷതയുമുണ്ട്.  സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യ രാഷ്ട്രപതി, പ്രസിഡന്റ് പദവിയിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി എന്നീ പ്രത്യേകതകളുമുണ്ട്‌.

ഒഡിഷയിലെ മയൂർഭഞ്ച്‌ ജില്ലയിലെ സാന്താൾ ആദിവാസി കുടുംബത്തിലാണ്‌ അറുപത്തിനാലുകാരിയായ ദ്രൗപദിയുടെ ജനനം. ഭുവനേശ്വർ രമാദേവി വിമൻസ്‌ കോളേജിൽനിന്ന്‌ ബിരുദം നേടിയശേഷം സർക്കാർ ഉദ്യോഗസ്ഥയായും അധ്യാപികയായും പ്രവർത്തിച്ചു. 1997ൽ റായ്‌രങ്‌പുരിൽ ബിജെപി ടിക്കറ്റിൽ നഗരസഭാ കൗൺസിലറായി. 2000ൽ നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. നാലു വർഷം സംസ്ഥാന മന്ത്രിയായിരുന്നു. 2015ൽ ജാർഖണ്ഡ്‌ ഗവർണറായി നിയമിതയായി.

ഈ വാര്‍ത്ത കൂടി വായിക്കാം

'കക്ഷി രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കണം; ജന ക്ഷേമത്തിനായി പ്രവർത്തിക്കണം' - രാഷ്ട്രപതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ