ചരിത്രദിനം; രാഷ്ട്രപതിയായി ദ്രൗപദി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14 നാണ് സത്യപ്രതിജ്ഞ
ദ്രൗപദി മുര്‍മു/പിടിഐ
ദ്രൗപദി മുര്‍മു/പിടിഐ

ന്യൂഡൽഹി;  ഇന്ത്യയുടെ 15-മത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14 നാണ് സത്യപ്രതിജ്ഞ. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ പുതിയ രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ആദിവാസി വിഭാഗത്തിൽനിന്ന് ഒരാൾ ചരിത്രത്തിൽ ആദ്യമായാണ് രാജ്യത്തിന്റെ പരമോന്നത പദവിയിലേക്ക് എത്തുന്നത്.

രാവിലെ 9.22 ന് രാഷ്‌ട്രപതി ഭവനിലെ നോർത്ത് കോർട്ടിലെത്തുന്ന ദ്രൗപദി മുർമു കാലാവധി പൂർത്തിയാക്കുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിക്കും. തുടർന്ന് 9.49ന് രാഷ്ട്രപതിക്കുള്ള പ്രത്യേക വാഹനത്തിൽ ഇരുവരും പാർലമെന്റിലേക്ക് പുറപ്പെടും. രാവിലെ 10.03ന് രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവും ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയും ചീഫ് ജസ്റ്റിസ് എൻ വി രമണയും ചേർന്ന് ഇരുവരെയും സ്വീകരിക്കും.10.11ന് പുതിയ രാഷ്‌ട്രപതിയുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് ആഭ്യന്തര സെക്രട്ടറി വായിക്കും. തുടർന്ന് 10.14ന് ദ്രൗപദി മുർമുവിന് ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും. പിന്നാലെ സ്ഥാനമൊഴിയുന്ന രാഷ്‌ട്രപതി ഇരിപ്പിടം കൈമാറും.

പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടക്കുന്ന സത്യപ്രതിജ്ഞാച്ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രിമാർ, ഗവർണർമാർ, മുഖ്യമന്ത്രിമാർ, വിദേശരാജ്യങ്ങളുടെ നയതന്ത്രമേധാവികൾ, മൂന്നുസേനകളുടെയും മേധാവികൾ, പാർലമെന്റംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. 

സത്യപ്രതിജ്ഞാച്ചടങ്ങിനായി ഒരുങ്ങിയ പാർലമെന്റിന്റെ പരിസരം കനത്ത സുരക്ഷാവലയത്തിലാണ്. പാർലമെന്റിന്റെ പരിസരങ്ങളിലുള്ള മുപ്പതോളം കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്ക് രണ്ടുമണിവരെ അവധിനൽകി. രാവിലെ ആറുമണിമുതൽ ഈ കെട്ടിടങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർ നിലയുറപ്പിക്കും. പുതിയ പാർലമെന്റിന്റെ നിർമാണപ്രവർത്തനങ്ങളും തിങ്കളാഴ്ച താത്‌കാലികമായി നിർത്തിവെക്കും.

പരമോന്നത പദവിയില്‍ എത്തുന്ന രണ്ടാമത്തെ വനിത

രാജ്യത്തിന്റെ പരമോന്നത പദവിയില്‍ എത്തുന്ന രണ്ടാമത്തെ വനിതയാണ് ദ്രൗപദി മുർമു. ആദിവാസി വിഭാഗത്തിൽനിന്ന് ഒരാൾ ചരിത്രത്തിൽ ആദ്യമായി  രാജ്യത്തിന്റെ സർവ സൈന്യാധിപ ആകുന്നു എന്ന സവിശേഷതയുമുണ്ട്.  സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യ രാഷ്ട്രപതി, പ്രസിഡന്റ് പദവിയിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി എന്നീ പ്രത്യേകതകളുമുണ്ട്‌.

ഒഡിഷയിലെ മയൂർഭഞ്ച്‌ ജില്ലയിലെ സാന്താൾ ആദിവാസി കുടുംബത്തിലാണ്‌ അറുപത്തിനാലുകാരിയായ ദ്രൗപദിയുടെ ജനനം. ഭുവനേശ്വർ രമാദേവി വിമൻസ്‌ കോളേജിൽനിന്ന്‌ ബിരുദം നേടിയശേഷം സർക്കാർ ഉദ്യോഗസ്ഥയായും അധ്യാപികയായും പ്രവർത്തിച്ചു. 1997ൽ റായ്‌രങ്‌പുരിൽ ബിജെപി ടിക്കറ്റിൽ നഗരസഭാ കൗൺസിലറായി. 2000ൽ നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. നാലു വർഷം സംസ്ഥാന മന്ത്രിയായിരുന്നു. 2015ൽ ജാർഖണ്ഡ്‌ ഗവർണറായി നിയമിതയായി. അറുപത്തിനാലുശതമാനം വോട്ടുനേടിയാണ് രാഷ്ട്രപതിസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മകൾ ഇതിശ്രീ, മകളുടെ ഭർത്താവ് ഗണേഷ് ഹേംബ്രാം, കുടുംബാംഗങ്ങൾ തുടങ്ങിയവരും സത്യപ്രതിജ്ഞാച്ചടങ്ങിന് സാക്ഷ്യംവഹിക്കും.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com