സോണിയ ഇഡിക്ക് മുന്നില്‍, പ്രതിഷേധിച്ച് കോണ്‍ഗ്രസ്, സംഘര്‍ഷം; നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

പ്രതിപക്ഷ നേതാക്കളെ നശിപ്പിക്കാന്‍ നരേന്ദ്ര മോദിയും അമിത് ഷായും ഗൂഢാലോചന നടത്തുകയാണെന്ന് ഖാർ​ഗെ ആരോപിച്ചു
രാഹുല്‍ ഗാന്ധി പൊലീസ് വാഹനത്തില്‍/ ട്വിറ്റര്‍ ചിത്രം
രാഹുല്‍ ഗാന്ധി പൊലീസ് വാഹനത്തില്‍/ ട്വിറ്റര്‍ ചിത്രം

ന്യൂഡല്‍ഹി: സോണിയാഗാന്ധിക്കെതിരായ ഇഡി നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ വിജയ് ചൗക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്ന് രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കേരളത്തില്‍ നിന്നുള്ള എംപിമാരായ രമ്യ ഹരിദാസ്, കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ളവരെ പൊലീസ് ബലംപ്രയോഗിച്ച് വലിച്ചിഴച്ച് മാറ്റി. കെ സി വേണുഗോപാല്‍, മാണിക്കം ടാഗോര്‍, ഇമ്രാന്‍ പ്രതാപ്ഗാര്‍ഹി, രഞ്ജിത് രഞ്ജന്‍ തുടങ്ങിയ എംപിമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോണ്‍ഗ്രസ് നേതാക്കളായ അധീര്‍ രഞ്ജന്‍ ചൗധരി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ടി എന്‍ പ്രതാപന്‍ തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. 

സോണിയയെ കേന്ദ്ര ഏജന്‍സി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് എഐസിസി ആസ്ഥാനത്തും പ്രതിഷേധമുണ്ടായി. പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പ്രതിപക്ഷ നേതാക്കളെ നശിപ്പിക്കാന്‍ നരേന്ദ്ര മോദിയും അമിത് ഷായും ഗൂഢാലോചന നടത്തുകയാണ്. പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള നീക്കത്തില്‍ കോണ്‍ഗ്രസ് ഭയപ്പെടില്ലെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. 

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രണ്ടാം തവണയാണ് സോണിയാഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ആഴ്ച മൂന്നുമണിക്കൂറോളം സോണിയയെ ചോദ്യം ചെയ്തിരുന്നു. സോണിയക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് രാജ്യവ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. കേരളത്തില്‍ നിരവധി കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com