'എന്നെ തട്ടിക്കൊണ്ടുപോയി; രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നൂറു കണക്കിന് പൊലീസെത്തി ആശുപത്രിയിലാക്കി, ഹൃദയാഘാതം ആണെന്ന് പറഞ്ഞു'

വിമതരുടെ ക്യാമ്പിലുണ്ടായിരുന്ന ശിവസേന എംഎല്‍എ നിതിന്‍ ദേശ്മുഖ് മഹാരാഷ്ട്രയില്‍ തിരിച്ചെത്തി
നിതിന്‍ ദേശ്മുഖ്
നിതിന്‍ ദേശ്മുഖ്

മുംബൈ: വിമതരുടെ ക്യാമ്പിലുണ്ടായിരുന്ന ശിവസേന എംഎല്‍എ നിതിന്‍ ദേശ്മുഖ് മഹാരാഷ്ട്രയില്‍ തിരിച്ചെത്തി. തന്നെ തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നും ഗുജറാത്തിലെ സൂറത്തില്‍ എത്തിയ താന്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു എന്നുമാണ് ദേശ്മുഖ് പറയുന്നത്. 

'ഞാന്‍ രക്ഷപ്പെട്ട് പുലര്‍ച്ചെ മൂന്നു മണിക്ക് റോഡിലെത്തി. വണ്ടി കാത്തു നില്‍ക്കുമ്പോള്‍ നൂറുകണക്കിന് പൊലീസ് വന്ന് എന്നെ പിടിച്ചുകൊണ്ടുപോയി ആശുപത്രിയിലാക്കി. എനിക്ക് ഹൃദയാഘാതം സംഭവിച്ചു എന്ന് വരുത്തി തീര്‍ക്കാന്‍ അവര്‍ ശ്രമിച്ചു. എന്റെ ശരീരത്തില്‍ ചികിത്സയ്ക്കും ശ്രമിച്ചു. എനിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു. എന്നാല്‍ എന്നെ ഇവര്‍ ബലം പ്രയോഗിച്ച് ആശുപത്രിയില്‍ ആക്കുകയായിരുന്നു'-ദേശ്മുഖ് പറഞ്ഞു. താന്‍ ഉദ്ധവ് താക്കറെയ്ക്ക് ഒപ്പമാണെന്നും ദേശ്മുഖ് കൂട്ടിച്ചേര്‍ത്തു. ബലാപൂരില്‍ നിന്നുള്ള എംഎല്‍എയാണ് ദേശ്മുഖ്. 

അതേസമയം, തനിക്ക് നാല്‍പ്പത്തിയാറ് എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് വിമത നേതാവ്  ഏക്‌നാഥ് ഷിന്‍ഡെ പറയുന്നത്. 40 ശിവസേന അംഗങ്ങളും ആറ് സ്വതന്ത്രരും തനിക്കൊപ്പമുണ്ടെന്ന് ഷിന്‍ഡെ അവകാശപ്പെടുന്നു. നിലവില്‍ ഇവര്‍ ഗുവാഹത്തിയിലാണുള്ളത്. വിമത എംഎല്‍എമാരെ കാണാനായി ശിവസേന നേതാക്കള്‍ ഗുവാഹത്തിയിലേക്ക് തിരിച്ചു.

അഞ്ച് മണിക്ക് ശിവസേന എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്.  യോഗത്തില്‍ എല്ലാ എംഎല്‍എമാരും പങ്കെടുക്കണമെന്ന് ശിവസേന ചീഫ് വിപ്പ് സുനില്‍ പ്രഭു എംഎല്‍എമാര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു.

ആരെങ്കിലും യോഗത്തില്‍ പങ്കെടുക്കാതിരുന്നാല്‍ അവര്‍ സ്വമേധയാ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതായി വിലയിരുത്തുമെന്നും കത്തില്‍ പറയുന്നു.
മുന്‍കൂട്ടി അറിയിക്കാതെയും കൃത്യമായ കാരണമില്ലാതെയും ആരെങ്കിലും യോഗത്തില്‍ പങ്കെടുക്കാതിരുന്നാല്‍ ഭരണഘടനാ വ്യവസ്ഥകള്‍ അനുസരിച്ച് അവരുടെ അഗംത്വം റദ്ദാക്കുന്ന നടപടിയിലേക്ക് പാര്‍ട്ടി കടക്കുമെന്നും കത്തില്‍ പറയുന്നു.

പുതിയ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് ഉച്ചയ്ക്ക് അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. കോവിഡ് ബാധിതനായ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍ മന്ത്രിസഭ പിരിച്ചുവിടുന്നതിനെ കുറിച്ച് യോഗത്തില്‍ തീരുമാനമൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
 

 സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com