അറസ്റ്റ് ചെയ്‌തോളൂ, വിലങ്ങു വേണ്ട; സുപ്രധാന വിധിയുമായി ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th June 2022 02:36 PM  |  

Last Updated: 29th June 2022 02:36 PM  |   A+A-   |  

arest

പ്രതീകാത്മക ചിത്രം

 

ബംഗളൂരു: കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്നവരെ സാധാരണഗതിയില്‍ വിലങ്ങു വയ്‌ക്കേണ്ടതില്ലെന്ന് കര്‍ണാടക ഹൈക്കോടതി. മതിയായ കാരണമുണ്ടെങ്കില്‍ മാത്രമേ പ്രതികളെ വിലങ്ങു വയ്ക്കാവൂ എന്നും അറസ്റ്റ് നടപടികള്‍ ചിത്രീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. 

വണ്ടിച്ചെക്കു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നിയമ വിദ്യാര്‍ഥിയെ വിലങ്ങുവച്ച നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചു. വിദ്യാര്‍ഥിക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജസ്റ്റിസ് സുരാജ് ഗോവിന്ദരാജ് വിധിച്ചു. ഏതൊക്കെ സാഹചര്യത്തില്‍ പ്രതികളെ വിലങ്ങുവയ്ക്കാം എന്നതില്‍ കോടതി വിശദമായ മാര്‍ഗരേഖ പ്രസിദ്ധീകരിച്ചു.

അങ്ങേയറ്റം അത്യാവശ്യമായ ഘട്ടത്തില്‍ മാത്രമേ പ്രതികളെയോ വിചാരണത്തടവുകാരെയോ കുറ്റവാളികളെയോ വിലങ്ങണിയിക്കേണ്ടതുള്ളൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ വിലങ്ങുവയ്്ക്കുമ്പോള്‍ ഇതു ചിത്രീകരിക്കണം. ഇതു കോടതിയുടെ പരിശോധനയ്ക്കു വിധേയമായിരിക്കും. വിചാരണത്തടവുകാരെ ഹാജരാക്കുമ്പോള്‍ വിലങ്ങുവയ്ക്കുന്നതിനു പൊലീസ് കോടതിയുടെ അനുമതി തേടണം. കോടതിയുടെ അനുമതിയില്ലാതെ വിലങ്ങണിയിക്കുന്ന സംഭവത്തില്‍ ഉത്തരവാദിത്വം ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ആയിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

അറസ്റ്റ് നടപടികളില്‍ ഭാഗഭാക്കാവുന്ന ഉദ്യോഗസ്ഥരുടെ ശരീരത്തില്‍ കാമറ ഘടിപ്പിക്കാന്‍ സംവിധാനമുണ്ടാക്കണം. ദൃശ്യത്തിനൊപ്പം ശബ്ദവും ചിത്രീകരിക്കണം. ഇവ ഒരു വര്‍ഷമെങ്കിലും സൂക്ഷിച്ചുവയ്ക്കണമെന്നും കോടതി പറഞ്ഞു. 

തന്നെ വിലങ്ങുവച്ചു നഗരത്തിലൂടെ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമ വിദ്യാര്‍ഥി ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് നടപടിക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. പൊലീസ് തന്നെ ചിത്രീകരിച്ച വിഡിയോയാണ് വിദ്യാര്‍ഥി തെളിവായി ഹാജരാക്കിയത്. വിലങ്ങണിയിച്ചതിന് ദൃശ്യത്തില്‍ തെളിവുണ്ടെങ്കിലും നഗരത്തിലൂടെ നടത്തിയെന്നതു തെളിയിക്കാനായില്ലെന്ന് കോടതി പറഞ്ഞു. അതിനാല്‍ വലിയ നഷ്ടപരിഹാരം നല്‍കേണ്ടതില്ല. എന്നാല്‍ വിദ്യാര്‍ഥിക്കു രണ്ടു ലക്ഷം രൂപ നല്‍കാന്‍ കോടതി വിധിച്ചു. 

വിദ്യാര്‍ഥിയുടെ ഹര്‍ജി തീര്‍പ്പാക്കിയെങ്കിലും അറസ്റ്റുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കാന്‍ കോടതി കേസ് പിന്നീടു പരിഗണിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

യുപിയില്‍ 15കാരിക്ക് നേരെ കൊടും ക്രൂരത; ബലാത്സംഗം, പിന്നാലെ കണ്ണു കുത്തിപൊട്ടിച്ചു, വികലമാക്കിയ മൃതദേഹം കരിമ്പിന്‍ പാടത്ത് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ