24 മണിക്കൂറിനിടെ 16 വിമാനങ്ങള്‍ കൂടി; നാളെയോടെ ഭൂരിഭാഗം പേരെയും രാജ്യത്ത് തിരിച്ചെത്തിക്കും

ഇതുവരെയായി 20,000 ഇന്ത്യക്കാര്‍ യുക്രൈന്‍ വിട്ടിട്ടുണ്ട്. ഓപ്പറേഷന്‍ ഗംഗയിലൂടെ 48 വിമാനങ്ങളിലായി 10,344 പേരെ നാട്ടില്‍ തിരിച്ചത്തിച്ചു
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

ന്യൂഡൽഹി: യുദ്ധം മുറുകുന്ന സാഹചര്യത്തില്‍ യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളടക്കമുള്ള ശേഷിക്കുന്ന ഇന്ത്യക്കാരെ ഉടന്‍ തന്നെ തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. അടുത്ത 24 മണിക്കൂറിനുള്ളില്‍ രക്ഷാദൗത്യത്തിനായി വ്യോമസേനയുടേത് ഉള്‍പ്പെടെ 16 വിമാനങ്ങള്‍ കൂടി അയക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. നാളെയോടെ നിലവില്‍ കുടുങ്ങിയിരിക്കുന്നവരില്‍ ഭൂരിഭാഗം ആളുകളേയും രാജ്യത്ത് തിരിച്ചെത്തിക്കാന്‍ സാധിക്കുമെന്നും മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു. 

പൗരന്‍മാരെ തിരികെ രാജ്യത്ത് എത്തിക്കുന്നത് വരെയെങ്കിലും വെടി നിര്‍ത്തലടക്കമുള്ളവ നടപ്പാക്കണമെന്ന് യുക്രൈന്‍, റഷ്യ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ അതിര്‍ത്തികളില്‍ എത്തിക്കാന്‍ ബസുകള്‍ സജ്ജമാണ്. പക്ഷേ വിദ്യാര്‍ത്ഥികള്‍ക്ക് അവിടേയ്ക്ക് എത്താന്‍ സാധിക്കുന്നില്ല. സുമിയില്‍ വെടി നിര്‍ത്തലുണ്ടായെങ്കില്‍ മാത്രമേ രക്ഷാദൗത്യത്തിന് വേഗം വരികയുള്ളു. ആക്രമണം തുടരുന്നതിനിടെ രക്ഷാദൗത്യം ശ്രമകരമാണ്. എങ്കിലും സാധ്യമായ എല്ലാ വഴികളിലൂടെയും ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരും.

ഇതുവരെയായി 20,000 ഇന്ത്യക്കാര്‍ യുക്രൈന്‍ വിട്ടിട്ടുണ്ട്. ഓപ്പറേഷന്‍ ഗംഗയിലൂടെ 48 വിമാനങ്ങളിലായി 10,344 പേരെ നാട്ടില്‍ തിരിച്ചത്തിച്ചു. എല്ലാവരേയും പുറത്തെത്തിക്കുന്നത് വരെ രക്ഷാദൗത്യം തുടരും. വിദ്യാര്‍ത്ഥികളടക്കമുള്ളവരെ അതിര്‍ത്തിയിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് വേണമെന്ന് ആവശ്യപ്പെട്ട് യുക്രൈന്‍ അധികൃതരെ ബന്ധപ്പെട്ടെങ്കിലും മറുപടി ഒന്നും ലഭിച്ചില്ല. കൂടുതല്‍ ബസുകള്‍ വിദേശകാര്യ മന്ത്രാലയം ഇതിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ഖാര്‍കീവ്, പിസോചിന്‍, സുമി എന്നിവിടങ്ങളിലാണ് കൂടുതല്‍ ഇന്ത്യക്കാര്‍ ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്. 900-1000ത്തിനും ഇടയില്‍ പേരാണ് പിസോചിനില്‍ ഉള്ളത്. സുമിയില്‍ 700ന് മുകളില്‍ പേര്‍ കുടുങ്ങിയിട്ടുണ്ട്. 

അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റ് ആശുപത്രിയില്‍ കിടക്കുന്ന ഇന്ത്യന്‍ പൗരന്‍ ഹര്‍ജോത് സിങിന്റെ ആരോഗ്യം സംബന്ധിച്ച് എംബസി കാര്യങ്ങള്‍ അന്വേഷിച്ചിട്ടുണ്ട്. ഹര്‍ജോതിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 

അതിനിടെ ഖാര്‍കീവിലും സുമിയിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും മറ്റു വിദേശികളെയും ഒഴിപ്പിക്കാനായി 130 ബസുകള്‍ സജ്ജമാക്കിയതായി റഷ്യ വ്യക്തമാക്കി. ബെല്‍ഗര്‍ഡ് മേഖലയിലെ നഖേദ്ക, സുഡ്‌സ എന്നീ ചെക്ക് പോയിന്റുകളില്‍ നിന്ന് ബസുകള്‍ പുറപ്പെടുമെന്ന് റഷ്യന്‍ നാഷണല്‍ ഡിഫന്‍സ് കണ്‍ട്രോള്‍ സെന്റര്‍ മേധാവി കേണല്‍ ജനറല്‍ മിഖായില്‍ മിസിന്റ്‌സേവ് അറിയിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കുന്ന നടപടികള്‍ ഏകോപിപ്പിക്കാനായി റഷ്യയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് പ്രതിനിധിസംഘം ബെല്‍ഗര്‍ഡില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം. ബസുകളില്‍ ചെക്ക് പോയിന്റുകളില്‍ എത്തുന്നവര്‍ക്ക് റഷ്യന്‍ സൈന്യം താത്ക്കാലിക താമസസൗകര്യവും വിശ്രമവും ഭക്ഷണവും ഒരുക്കും. ആവശ്യമുള്ളവര്‍ക്ക് മെഡിക്കല്‍ സഹായവും നല്‍കുമെന്നും കേണല്‍ ജനറല്‍ മിഖായില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ ബെല്‍ഗര്‍ഡില്‍ എത്തിച്ച ശേഷം ഇവിടെ നിന്ന് വിമാന മാര്‍ഗം അതാത് രാജ്യങ്ങളിലേക്ക് അയക്കാനാണ് തീരുമാനം. ഇതിനായി റഷ്യന്‍ സൈനിക വിമാനം ഉള്‍പ്പെടെ ഉപയോഗപ്പെടുത്തുമെന്നും റഷ്യന്‍ അധികൃതര്‍ അറിയിച്ചു.

വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയുമായി ഏകദേശം 600ഓളം ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുെ്രെകനില്‍ നിന്ന് ഒഴിപ്പിച്ചിരുന്നു. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ 7000ല്‍ അധികം വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com