നാട്ടിലെത്തിയിട്ടും നെഞ്ചില്‍ തീയുമായി അക്ഷര; വെടിവെപ്പിനിടെ യുദ്ധഭൂമിയില്‍ 'കൈവിട്ടത്' സഹോദരനെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th March 2022 10:41 AM  |  

Last Updated: 07th March 2022 10:41 AM  |   A+A-   |  

akshara

അക്ഷര മാതാവിനൊപ്പം/ പിടിഐ

 

ന്യൂഡല്‍ഹി: യുദ്ധഭൂമിയായ യുക്രൈനില്‍ നിന്ന് സുരക്ഷിതയായി നാട്ടില്‍ തിരിച്ചെത്തിയെങ്കിലും നെഞ്ചിലെ തീ അണഞ്ഞിട്ടില്ല മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ അക്ഷര കുമാറിന്. യുക്രൈന്‍ നഗരമായ ഹാര്‍കീവില്‍ നിന്നും ഞായറാഴ്ച വൈകീട്ടാണ് കാണ്‍പൂര്‍ സ്വദേശിയായ അക്ഷര ഇന്ത്യയിലെത്തിയത്. 

തനിക്കൊപ്പം യുക്രൈനിലുണ്ടായിരുന്ന സഹോദരന്‍ ആരവിന് നാട്ടിലേക്ക് എത്താനായിട്ടില്ല എന്നതാണ് അക്ഷരയുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്. തന്റെ സഹോദരനും സുഹൃത്തുക്കളുമെല്ലാം യുക്രൈനില്‍ കുടുങ്ങിക്കിടക്കുകയാണ്. തന്നെ ട്രെയിനില്‍ കയറ്റാന്‍ പരിശ്രമിച്ചത് സഹോദരനാണ്. 


പക്ഷെ ആരവിന് ട്രെയിനില്‍ കയറിപ്പറ്റാനായില്ല. നീ പൊയ്‌ക്കൊള്ളൂ, ഞാനെത്തിക്കോളാമെന്നായിരുന്നു പറഞ്ഞത്. വെടിവെപ്പുണ്ടായതോടെ, ജനത്തിരക്കില്‍ അവനെ വേര്‍പിരിയുകയായിരുന്നുവെന്ന് അക്ഷര പറയുന്നു. ഹാര്‍കീവ് സ്റ്റേഷനില്‍ വെച്ചാണ് ഇരുവരും വേര്‍പിരിയുന്നത്. 

റെയില്‍വേ സ്റ്റേഷനിലെ തിക്കും തിരക്കും വെടിവെപ്പുമാണ് സഹോദരനെ പിരിയാന്‍ ഇടയാക്കിയത്. ആരവ് യുക്രൈനില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍ അര്‍മേനിയയിലോ ഹംഗറിയിലോ എത്തിയിട്ടുണ്ടാകാമെന്നാണ് വിചാരിക്കുന്നതെന്നും അക്ഷര പറഞ്ഞു. എത്രയും വേഗം മാതാപിതാക്കളുടെ അടുത്തെത്താനാണ് ആഗ്രഹിക്കുന്നതെന്നും യുവതി വ്യക്തമാക്കി.