ലൈംഗികാതിക്രമം 17കാരി മുഖ്യമന്ത്രിയോട് തുറന്നുപറഞ്ഞു; അതിവേഗം നടപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2022 09:44 PM  |  

Last Updated: 17th March 2022 09:44 PM  |   A+A-   |  

ksrtc staff arrested

പ്രതീകാത്മക ചിത്രം

 

ചെന്നൈ: ലൈംഗികാതിക്രമത്തിന് ഇരയായ പതിനേഴുകാരിയുടെ പരാതിയില്‍ അതിവേഗം നടപടിയെടുത്ത് തമിഴ്‌നാട് സര്‍ക്കാര്‍. ലൈംഗികാതിക്രമം തുറന്നുപറഞ്ഞ് മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് നീതി ചോദിച്ച 17കാരിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നാലെ പെണ്‍കുട്ടിയെ ഉപദ്രവിച്ച മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ചെങ്കല്‍പ്പേട്ട് കല്‍പാക്കം സ്വദേശിയായ 17കാരിയാണ് ബന്ധുക്കളില്‍ നിന്നുള്ള അക്രമം സഹിക്കാനാവാതെ നീതി തേടി മുഖ്യമന്ത്രിയെ സമീപിച്ചത്. കരഞ്ഞ് സങ്കടം പറഞ്ഞ പെണ്‍കുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ നീതി അതിവേഗം എത്തി. പെണ്‍കുട്ടിയുടെ കുടുംബത്തെ ഉപദ്രവിച്ച രാഷ്ട്രീയപാര്‍ട്ടി നേതാവ് അടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസില്‍ പരാതിപ്പെട്ടിട്ടും നീതി കിട്ടിയില്ലെന്നും മുഖ്യമന്ത്രി സ്റ്റാലിന്‍ ഇടപെട്ട് നീതി നല്‍കണമെന്നുമായിരുന്നു പെണ്‍കുട്ടിയുടെ അഭ്യര്‍ഥന. പരാതിപ്പെട്ടതോടെ ഗ്രാമവാസികള്‍ കുടുംബത്തിന് ഭ്രഷ്ട് കല്‍പ്പിച്ചെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.

പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇപ്പോള്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെയും പെണ്‍കുട്ടി മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിരുന്നു. അമ്മയ്ക്കും 15കാരി സഹോദരിക്കുമൊപ്പം താമസിക്കുന്ന വീട്ടില്‍ കയറിയാണ് മൂന്ന് പേര്‍ നിരന്തരം 17കാരിയെ ഉള്‍പ്പെടെ ഉപദ്രവിച്ചത്.