ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അടുത്തയാഴ്ചയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത; ജാഗ്രത
By സമകാലിക മലയാളം ഡെസ്ക് | Published: 17th March 2022 01:21 PM |
Last Updated: 17th March 2022 01:21 PM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്തയാഴ്ചയോടെ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചൊവ്വാഴ്ച രൂപപ്പെട്ട ന്യൂനമര്‍ദ്ദം കിഴക്ക് വടക്കുകിഴക്ക് ഭാഗത്തേയ്ക്ക് സഞ്ചരിച്ച് ശനിയാഴ്ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായി മാറിയേക്കും.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് അരികിലൂടെ കടന്നുപോകുന്ന ന്യൂനമര്‍ദ്ദം മാര്‍ച്ച് 21 ഓടേ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചേക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. മാര്‍ച്ച് 22ഓടേ വടക്കു -വടക്കുപടിഞ്ഞാറ് ദിശയില്‍ ചുഴലിക്കാറ്റ് സഞ്ചരിക്കാനാണ് സാധ്യത. ചുഴലിക്കാറ്റായി മാറി കഴിഞ്ഞാല്‍ ഇതിനെ അസനി എന്നാണ് വിളിക്കുക. ശ്രീലങ്കയാണ് പേരു നിര്‍ദേശിച്ചത്.
തുടര്‍ന്ന് വടക്കു- വടക്കുകിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് തൊട്ടടുത്ത ദിവസം മ്യാന്മാര്‍, ബംഗ്ലാദേശ് ലക്ഷ്യമാക്കി നീങ്ങുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ഇതിന്റെ സ്വാധീനഫലമായി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ പ്രക്ഷുബ്ധമായിരിക്കും. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും തെക്കുകിഴക്കന്‍ ഭാഗങ്ങളിലും ആന്‍ഡമാന്‍ കടലിലും വരും ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.