ബംഗളൂരു: യുക്രൈനിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥി നവീൻ ശേഖരപ്പയുടെ മൃതദേഹം മെഡിക്കൽ കോളജിനു കൈമാറുമെന്ന് പിതാവ്. അന്തിമ കർമങ്ങൾക്കു ശേഷം മൃതദേഹം ദാവൻഗരെയിലെ എസ്എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിനാണ് കൈമാറുകയെന്ന് പിതാവ് ശേഖരപ്പ ജ്ഞാനഗൗഡ അറിയിച്ചു. നവീനിന്റെ ഭൗതികശരീരം തിങ്കളാഴ്ച ബെംഗൂരുവിൽ എത്തിക്കുമെന്നാണ് കുടുംബത്തെ അറിയിച്ചിരിക്കുന്നത്.
അവസാനമായി മകന്റെ മുഖം കാണാൻ കഴിയുമെന്ന് ഉറപ്പില്ലായിരുന്നുവെന്നും സംസ്ഥാന, കേന്ദ്ര സർക്കാരുകൾ സ്വീകരിച്ച നടപടികൾക്കു നന്ദി പറയുന്നുവെന്നും ശേഖരപ്പ പറഞ്ഞു. ഭൗതിക ശരീരം വീട്ടിലെത്തിച്ച് പൂജകൾ ചെയ്ത ശേഷം മെഡിക്കൽ കോളജിനു കൈമാറും - ശേഖരപ്പ പറഞ്ഞു. തിങ്കളാഴ്ച 11 മണിയോടെ ഭൗതികശരീരം ചാലഗേരിയിൽ എത്തിക്കുമെന്ന് നവീനിന്റെ സഹോദരൻ ഹർഷ അറിയിച്ചു. യുക്രൈനിലെ നടപടിക്രമങ്ങൾക്കു ശേഷം മൃതദേഹം പോളണ്ടിലെ വാഴ്‌സയിലെത്തിച്ചാണ് ഇന്ത്യയിലേക്ക് കൊണ്ടുവരിക.
മാർച്ച് 21ന് പുലർച്ചെ എമിറേറ്റ്‌സ് വിമാനത്തിൽ കെംപഗൗഡെ വിമാനത്താവളത്തിലാണ് മൃതദേഹം എത്തിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അന്ത്യ കർമങ്ങൾക്കായി മകന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് നവീന്റെ പിതാവ് ശേഖരപ്പ പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കേന്ദ്ര സർക്കാർ യുക്രൈൻ അധികൃതരുമായി ചർച്ച നടത്തുകയായിരുന്നു.
ഖാർകീവിലെ മെഡിക്കൽ സർവകലാശാലയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കർണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ് 21കാരനായ നവീൻ. ഖാർകീവ് മെഡിക്കൽ സർവകലാശാലയിലെ നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ്. മാർച്ച് 1ന് ഭക്ഷണം വാങ്ങാൻ ക്യൂ നിൽക്കുമ്പോഴായിരുന്നു റഷ്യൻ ഷെല്ലാക്രമണത്തിൽ നവീൻ കൊല്ലപ്പെട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates