വീട്ടിലേക്ക് വരണം, ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിക്ക് അധ്യാപകന്റെ കത്ത്; ജീവനൊടുക്കാന്‍ ശ്രമം, അറസ്റ്റ്

കുട്ടിയുടെ അമ്മ പത്ത് ദിവസം മുമ്പ് സ്‌കൂളിലെത്തി മുരളി കൃഷ്ണയോട് ഇനി ശല്യപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ചെന്നൈ: അധ്യാപകന്റെ പീഡനത്തെ തുടര്‍ന്ന് ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ കാട്പാഡിക്ക് സമീപം തിരുവലത്തിലുള്ള സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ അധ്യാപകന്‍ മുരളീകൃഷ്ണയെ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു.

അധ്യാപകന്‍ ശല്യപ്പെടുത്തുന്ന വിവരം പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് കുട്ടിയുടെ അമ്മ പത്ത് ദിവസം മുമ്പ് സ്‌കൂളിലെത്തി മുരളി കൃഷ്ണയോട് ഇനി ശല്യപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇനിയും ശല്യം ചെയ്താല്‍ പൊലീസില്‍ പരാതി നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇത് അവഗണിച്ച് ശല്യം ചെയ്യല്‍ തുടരുകയായിരുന്നു.

രണ്ട് ദിവസം മുമ്പ് ഇയാള്‍ പെണ്‍കുട്ടിക്ക് കത്തു നല്‍കി. റാണിപ്പേട്ട ജില്ലയിലെ ചീക്കാപുരത്തെ ഹൗസിങ് ബോര്‍ഡ് കോളനിയിലെ വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. രക്ഷിതാക്കളെ വിവരം അറിയിച്ച കുട്ടി സ്‌കൂളിലും പോയില്ല. മാനസിക വിഷമത്തിലായ കുട്ടി, വീട്ടിലുണ്ടായിരുന്ന വാര്‍ണീഷ് എടുത്ത് കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ബോധരഹിതയായ പെണ്‍കുട്ടി വെല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അധ്യാപകന്‍ മുരളീകൃഷ്ണയെക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com