‘ശക്തമായ കോൺ​ഗ്രസ് അനിവാര്യം; പ്രവർത്തകർ പാർട്ടിയിൽ തുടരണം‘- നിതിൻ ​ഗഡ്കരി

ഇന്ത്യയിലെ ജനാധിപത്യം ശക്തിപ്പെടുത്താൻ കോൺഗ്രസുകാരോട് അവരുടെ ലക്ഷ്യത്തിൽ ഉറച്ചു നിൽക്കാനും പാർട്ടിയിൽ തുടരാനും അദ്ദേഹം ആഹ്വാനം ചെയ്തു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പുനെ: ദേശീയ രാഷ്ട്രീയത്തിൽ കോൺ​ഗ്രസിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് കേന്ദ്ര മന്ത്രി നിതിൻ ​ഗഡ്കരി. പ്രാദേശിക പാർട്ടികൾ പ്രതിപക്ഷ ഇടം പിടിക്കുന്നത് തടയാൻ ശക്തമായ കോൺഗ്രസ് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പുനെയിലെ മാധ്യമ പുരസ്കാര വിതരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്ത്യയിലെ ജനാധിപത്യം ശക്തിപ്പെടുത്താൻ കോൺഗ്രസുകാരോട് അവരുടെ ലക്ഷ്യത്തിൽ ഉറച്ചു നിൽക്കാനും പാർട്ടിയിൽ തുടരാനും അദ്ദേഹം ആഹ്വാനം ചെയ്തു. ശക്തമായ പ്രതിപക്ഷം ജനാധിപത്യത്തിന് അനിവാര്യമാണ്. ദുർബലമായ കോൺഗ്രസ് ജനാധിപത്യത്തിന് അഭികാമ്യമല്ലെന്നും അതിന്റെ സ്ഥാനം പ്രാദേശിക പാർട്ടികൾ ഏറ്റെടുക്കുന്നത് നല്ല ലക്ഷണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

അടൽ ബിഹാരി വാജ്‌പേയി 1950 കളുടെ അവസാനത്തിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റു അദ്ദേഹത്തെ ആദരിച്ചിരുന്നു. ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന്റെ പങ്ക് വളരെ പ്രധാനമാണ്. കോൺഗ്രസ് ശക്തമായി നിലനിൽക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന വ്യക്തിയാണ് താൻ. തെരഞ്ഞെടുപ്പു തോൽവിയുടെ പേരിൽ ആരും തങ്ങളുടെ പ്രത്യയശാസ്ത്രത്തെയോ പാർട്ടിയെയോ ഉപേക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ താനില്ലെന്നും ​ഗഡ്കരി വ്യക്തമാക്കി. ‘ഞാനൊരു ദേശീയ രാഷ്ട്രീയക്കാരനാണ്, ഈ ഘട്ടത്തിൽ മഹാരാഷ്ട്രയിലെ രാഷ്ട്രീയത്തിലേക്ക് വരാൻ താത്‌പര്യമില്ല. ഒരുകാലത്ത് കേന്ദ്രത്തിൽ പോകാൻ എനിക്ക് താത്‌പര്യമില്ലായിരുന്നു. ഇപ്പോൾ ഞാൻ സന്തോഷവാനാണ്. ഞാനൊരു വിശ്വാസാധിഷ്ഠിത രാഷ്ട്രീയക്കാരനാണ്, പ്രത്യേകിച്ച് അതിമോഹമുള്ളയാളല്ല‘- അദ്ദേഹം കൂട്ടിച്ചേർത്തു.

നിതിൻ ഗഡ്കരിയുടെ നിലപാടിനെ സ്വാഗതം കോൺ​ഗ്രസ് സ്വാ​ഗതം ചെയ്തു. കോൺഗ്രസ്‌മുക്ത ഭാരതമെന്ന് ബിജെപി നേതാക്കൾ മുദ്രാവാക്യം ഉയർത്തുന്നതിനിടയിൽ ഗഡ്കരിയുടെ നിലപാട് ശ്രദ്ധേയമാണ്. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ദുർബലപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന നീക്കങ്ങൾ ആശങ്കപ്പെടുത്തുന്നതാണ്. ഇക്കാര്യം ഗഡ്കരി, മോദിയോട് സംസാരിക്കണമെന്നും മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി സച്ചിൻ സാവന്ത് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com