'എന്റെ കുഞ്ഞുങ്ങളെ അനാഥരാക്കരുത്';ഗര്‍ഭിണി മരിച്ചതിന് പിന്നാലെ കൊലക്കുറ്റത്തിന് കേസ് എടുത്തു; ഡോക്ടര്‍ ആത്മഹത്യ ചെയ്തു

ഡോക്ടര്‍ക്കെതിരെ പൊലീസ് കേസ് എടുത്തതിന് പിന്നാലെയാണ് 42കാരിയായ അര്‍ച്ചന ശര്‍മ ആത്മഹത്യ ചെയ്തത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ജയ്പൂര്‍: കൊലപാതകക്കുറ്റത്തിന് കേസ് എടുത്തതിന് പിന്നാലെ സ്വകാര്യ ആശുപത്രിയിയിലെ ഗൈനക്കോളജിസ്റ്റ് ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച ഡോക്ടര്‍ക്കെതിരെ പൊലീസ് കേസ് എടുത്തതിന് പിന്നാലെയാണ് 42കാരിയായ അര്‍ച്ചന ശര്‍മ ആത്മഹത്യ ചെയ്തത്. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം.

ഞായറാഴ്ച രാത്രി 22കാരിയെ പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചിരുന്നു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ഇതിന് കാരണം ഡോക്ടറുടെ അശ്രദ്ധയാണെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്ത് എത്തിയിരുന്നു. ഇവര്‍ ഡോക്ടര്‍ക്കെതിരെ പൊലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തു.

യുവതി മരിക്കാനിടയായത് അമിത രക്തസ്രാവമാണെന്നും തന്റെ ഭാഗത്തുനിന്ന് യാതൊരു അശ്രദ്ധയുണ്ടായിട്ടില്ലെന്നും ഡോക്ടറുടെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു. ' ഞാന്‍ എന്റെ കുട്ടികളെ വളരെയധികം സ്‌നേഹിക്കുന്നു. അവരെ അനാഥരാക്കരുത്. ആരെയും കൊന്നിട്ടില്ല. നിരപരാധികളായ ഡോക്ടര്‍മാരെ ഉപദ്രവിക്കരുത്. എന്റെ ആത്മഹത്യ എന്റെ നിരപരാധിത്വം തെളിയിക്കു'- മെന്നും കുറിപ്പില്‍  പറയുന്നു.

ഡോക്ടറുടെ മരണത്തെ തുടര്‍ന്ന് ജയ്പൂരിലെയും ദൗസയിലെയും ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചു. ഡോക്ടറുടെ മരണത്തിന് കാരണമായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം.

സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ ഉപനേതാവ് രാജേന്ദ്ര റാത്തോഡ് പറഞ്ഞു. ആരോഗ്യമന്ത്രിയുടെ നിര്‍ദേശവും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഡോക്ടര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഇതേ തുടര്‍ന്നാണ് ഡോക്ടര്‍ ജീവനൊടുക്കിയത്. സര്‍ക്കാരിന്റെ അനാസ്ഥയാണ് ഇത് തെളിയിക്കുന്നത്. കുറ്റക്കാരായ പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും രാജേന്ദ്ര റാത്തോഡ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com