50 ശതമാനം യുവ പ്രാതിനിധ്യം; സമിതികളുടെ നേതൃത്വം 45 വയസ്സില്‍ താഴെയുള്ളവര്‍ക്കാകണം; 'ചെറുപ്പമാകാന്‍' കോണ്‍ഗ്രസ്; പ്രവര്‍ത്തക സമിതി യോഗം ഇന്ന്

പാര്‍ട്ടി ഘടകങ്ങളില്‍ അമ്പതു ശതമാനം യുവ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് യുവജനകാര്യ സമിതി തയാറാക്കിയ പ്രമേയം നിര്‍ദേശിച്ചു
രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി/ഫയല്‍ ചിത്രം
രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇന്ന് യോഗം ചേരും. ഈ മാസം നടക്കുന്ന ചിന്തന്‍ ശിബിറിന്റെ അജണ്ട നിശ്ചയിക്കലാണ് പ്രവര്‍ത്തകസമിതി യോഗത്തിന്റെ ലക്ഷ്യം. ഡല്‍ഹിയില്‍ വൈകീട്ട് മൂന്നുമണിക്കാണ് യോഗം. യോഗത്തിന് മുമ്പായി ഉപസമിതി കണ്‍വീനര്‍മാരുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി കൂടിക്കാഴ്ച നടത്തും. 

കോണ്‍ഗ്രസ് കൂടുതല്‍ ചെറുപ്പമാകണമെന്ന് ചിന്തന്‍ ശിബിരത്തില്‍ അവതരിപ്പിക്കുന്ന പ്രമേയത്തില്‍ നിര്‍ദേശം. ബൂത്ത് തലം മുതല്‍ പ്രവര്‍ത്തക സമിതി വരെയുള്ള ഘടകങ്ങളില്‍ അമ്പതു ശതമാനം യുവ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ശിബിരത്തിനായി രൂപീകരിച്ച യുവജനകാര്യ സമിതി തയാറാക്കിയ പ്രമേയം നിര്‍ദേശിച്ചു.

പാര്‍ട്ടിയിലെ വിവിധ സമിതികളുടെ നേതൃത്വം 45 വയസ്സിനു താഴെയുള്ളവരെ ഏല്‍പ്പിക്കണം. തെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യുവ പ്രാതിനിധ്യം ഉറപ്പാക്കണം. സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ യൂത്ത് ബ്രിഗേഡുകള്‍ക്കു രൂപം നല്‍കണമെന്നും അമരിന്ദര്‍ സിങ് വാറിങ് അധ്യക്ഷനായ സമിതി തയാറാക്കിയ പ്രമേയം ആവശ്യപ്പെടുന്നു. 

യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസ്, റോജി എം. ജോണ്‍ എംഎല്‍എ തുടങ്ങിയവര്‍ സമിതിയിലുണ്ട്. യുവജനകാര്യം ഉള്‍പ്പെടെ 6 പ്രമേയങ്ങളാണ് ശിബിരത്തില്‍ അവതരിപ്പിക്കുക. പ്രമേയങ്ങളുടെ കരട് പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധിക്ക് ഇന്നു സമര്‍പ്പിക്കും. കോണ്‍ഗ്രസില്‍ സമൂലമാറ്റം വേണമെന്ന് സംഘടനാ കാര്യ സമിതിയില്‍ അംഗമായ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

ജംബോ കമ്മിറ്റികള്‍ ഒഴിവാക്കണം. ഓരോഘടകത്തിലും എത്ര ഭാരവാഹികള്‍ വേണമെന്ന് ഭരണഘടനയില്‍ നിശ്ചയിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും ചെന്നിത്തല മുന്നോട്ടുവെച്ചിട്ടുണ്ട്. വോട്ട് വിഹിതം വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം, യുപിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം, എസ്‌സി-എസ്ടി പ്രാതിനിധ്യം വര്‍ധിപ്പിക്കണം, സമാന ചിന്താഗതിക്കാരെ ഒപ്പം നിര്‍ത്തണം തുടക്കിയ നിര്‍ദേശങ്ങള്‍ മറ്റ് ഉപ സമിതികള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com