കുത്തബ്മീനാര്‍ വിഷ്ണു സ്തംഭമാക്കണം; അഞ്ചു റോഡുകളുടെ പേരു മാറ്റണം; ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനോട് ബിജെപി

മുസ്ലീം അടിമത്വത്തിന്റെ പ്രതീകങ്ങളായ രാജ്യതലസ്ഥാനത്തെ റോഡുകളുടെ പേരുകള്‍ മാറ്റണമെന്ന ആവശ്യവുമായി ബിജെപി
കുത്തബ്മീനാറിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഹിന്ദുസംഘടനകളുടെ പ്രതിഷേധം
കുത്തബ്മീനാറിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഹിന്ദുസംഘടനകളുടെ പ്രതിഷേധം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ അഞ്ചു റോഡുകളുടെ പേരു മാറ്റണമെന്ന ആവശ്യവുമായി ബിജെപി. തുക്ലക് റോഡ്, അക്ബര്‍ റോഡ്, ഔറംഗസീബ് ലൈന്‍, ഹുമയൂണ്‍ റോഡ്. ഷാജഹാന്‍ റോഡ് എന്നീ റോഡുകളുടെ പേര് മാറ്റണമെന്നാണ് ബിജെപിയുടെ ആവശ്യം. ഇത് സംബന്ധിച്ച് ബിജെപി അധ്യക്ഷന്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന് കത്തുനല്‍കി. മുസ്ലിം അടിമത്തതിന്റെ പ്രതീകങ്ങളാണ് ഈ റോഡുകളെന്ന് ബിജെപി ആരോപിച്ചു.
 കുത്തബ്മീനാറിന്റെ പേര് വിഷ്ണു സ്തംഭം എന്നാക്കണമെന്ന ആവശ്യവുമായി ഹൈന്ദവസംഘടനായ മഹാകല്‍ മാനവസേനയും രംഗത്തെത്തി.

കുത്തബ് മിനാറിനു സമീപം തമ്പടിച്ച ഹിന്ദു സംഘടനാ പ്രവർത്തകർ ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധിച്ചു. ഇതിനിടെ ഒരു വിഭാഗം പ്രവർത്തകർ ഹനുമാൻ ചാലിസ ചൊല്ലിക്കൊണ്ട് കാവി പതാകയും പ്ലക്കാർഡുകളുമേന്തി കുത്തബ് മിനാറിനു സമീപത്തേക്ക് എത്തിയെങ്കിലും പൊലീസ് ഇവരെ തടഞ്ഞു. മുപ്പതോളം ഹിന്ദു സംഘടനാ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് വർക്കിങ് പ്രസിഡന്റ് ഭഗ്‌വാൻ ഗോയലിന്റെ നേതൃത്വത്തിലാണ് കുത്തബ് മിനാറിനു പുറത്ത് ഹനുമാൻ ചാലിസ സംഘടിപ്പിച്ചത്. അതിൽ പങ്കെടുക്കാൻ മറ്റു ഹിന്ദു സംഘടനകളോടും ഇവർ ആഹ്വാനം ചെയ്തിരുന്നു. തുടർന്ന് ഇന്നു രാവിലെ മുതൽ കുത്തബ് മിനാർ പരിസരത്ത് പൊലീസ് വൻ സുരക്ഷയാണ് ഒരുക്കിയിരുന്നത്.

ചരിത്രപ്രസിദ്ധമായ കുത്തബ് മിനാർ യഥാർഥത്തിൽ വിഷ്ണു സ്തംഭമാണെന്ന് ഭഗ്‌വാൻ ഗോയൽ അവകാശപ്പെട്ടു. ‘‘വിക്രമാദിത്യ മഹാരാജാവാണ് കുത്തബ് മിനാർ പണികഴിപ്പിച്ചത്. പിന്നീട് കുത്തബ്ദ്ദീൻ അയ്ബക് ഇതിന്റെ ക്രെഡിറ്റ് സ്വന്തമാക്കിയതാണ്. കുത്തബ് മിനാർ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് 27 ക്ഷേത്രങ്ങളുണ്ടായിരുന്നു. ഇതെല്ലാം അയ്ബക് നശിപ്പിച്ചു. കുത്തബ് മിനാറിന്റെ ചുറ്റുവട്ടത്ത് ഇപ്പോഴും ഹിന്ദു ദൈവങ്ങളുടെ പ്രതിഷ്ഠകളുള്ളത് ഇതിനു തെളിവാണ്. അതുകൊണ്ടുതന്നെ കുത്തബ് മിനാറിന്റെ പേര് വിഷ്ണു സ്തംഭം എന്നാക്കി മാറ്റണമെന്നാണ് ഞങ്ങളുടെ ആവശ്യം’’ – ഭഗ്‌വാൻ ഗോയൽ വ്യക്തമാക്കി.

തുക്ലക് റോഡിന് ഗുരുഗോവിന്ദ് സിങ്ങ് മാര്‍ഗ് എന്ന് പുനര്‍നാമകരണം ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. അക്ബര്‍ റോഡ് മഹാറാണ പ്രതാപ് റോഡ് എന്നും ഔറംഗസീബ് ലൈനിന് അബ്ദുള്‍ കലാം ലെയ്ന്‍ എന്നും പേര് നല്‍കണം. ഹുമയൂണ്‍ റോഡിന്റെ പേര് മഹര്‍ഷി വാല്‍മീകീ റോഡ് എന്നാക്കണമെന്നും ഷാജഹാന്‍ റോഡിന് ജനറല്‍ വിപിന്‍ റാവത്തിന്റെ പേര്  നല്‍കണമെന്നും ബിജെപി ആവശ്യപ്പെടുന്നു.

ബാബര്‍ ലൈനിന്റെ പേര് മാറ്റി പകരം സ്വാതന്ത്ര്യസമരപോരാളിയായ ഖുദിറാം ബോസിന്റെ പേര് നല്‍കണമെന്നും ബിജെപി പറയുന്നു. ഈ ആവശ്യം ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ പാനല്‍ അംഗീകരിച്ചിട്ടുണ്ട്. നിലവില്‍ കോണ്‍ഗ്രസ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത് അക്ബര്‍ റോഡിലാണ്. 2014ല്‍ ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ റോഡുകളുടെ പേരുകള്‍ മാറ്റിയത് വലിയ വിവാദത്തിന് കാരണമായിരുന്നു. 

മുഗള്‍, കൊളോണിയല്‍ അടിമത്വത്തിന്റെ പ്രതീകങ്ങള്‍ തുടച്ചുനീക്കി ദേശീയതയെ പ്രതിനിധാനം ചെയ്യുന്നവ സ്ഥാപിക്കണമെന്നതായിരുന്നു ബിജെപി മുന്നോട്ടുവച്ചത്. നേരത്തെ കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ കോണാട്ട് പ്ലേസിന്റെ പേര് രാജീവ് ചൗക്ക് എന്ന് മാറ്റിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com