മണിക് സാഹ ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th May 2022 12:22 PM  |  

Last Updated: 15th May 2022 12:22 PM  |   A+A-   |  

MANIK SAHA

മണിക് സാഹ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു, എഎന്‍ഐ

 

അഗര്‍ത്തല: ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഡോ. മണിക് സാഹ ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.  ബിപ്ലവ് കുമാര്‍ ദേവിന് പകരമാണ് മണിക് സാഹ ഭരണത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തത്. ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിന് പത്തുമാസം മാത്രം അവശേഷിക്കേയാണ് മുഖ്യമന്ത്രിയെ മാറ്റി ബിജെപി സര്‍ക്കാര്‍ മുഖംമിനുക്കിയത്.

ബിജെപി സംസ്ഥാന അധ്യക്ഷനായ മണിക് രാജ്യസഭാ എംപിയുമാണ്. ബിജെപി നിയമസഭാകക്ഷി യോഗം ചേര്‍ന്നാണ് മണികിനെ തെരഞ്ഞെടുത്തത്. തുടര്‍ന്ന് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു. എംഎല്‍എമാര്‍ പിന്തുണയ്ക്കുന്ന കത്തുമായാണ് മണിക് സാഹ ഗവര്‍ണറെ കണ്ടത്. 

കോണ്‍ഗ്രസ് നേതാവായിരുന്ന സാഹ, 2016ലാണ് ബിജെപിയില്‍ ചേര്‍ന്നത്. നേരത്തെ ഈ വര്‍ഷം ആദ്യമാണ് ത്രിപുരയില്‍ നിന്നുള്ള രാജ്യസഭാംഗമായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.

2018ലാണ് 25 വര്‍ഷത്തെ ഇടതു ഭരണത്തിന് വിരാമം കുറിച്ച് ബിപ്ലവിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ ത്രിപുരയില്‍ അധികാരത്തിലെത്തിയത്. സംസ്ഥാനത്ത് അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിപ്ലവിന്റെ രാജി. 

നേരത്തെ പാര്‍ട്ടിയിലെ ചില എംഎല്‍എമാര്‍ തന്നെ ബിപ്ലവിനെതിരേ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ നവംബറില്‍ സുദീപ് റോയ് ബര്‍മന്‍, ആശിഷ് സാഹ എന്നീ എംഎല്‍എമാര്‍ മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനമുയര്‍ത്തി. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു എംഎല്‍എമാരുടെ വിമര്‍ശനം.

ഈ വാര്‍ത്ത കൂടി വായിക്കൂ

23കാരിയെ നിരവധി തവണ പീഡിപ്പിച്ചു, ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ചു; മന്ത്രിയുടെ മകനെതിരെ യുവതി, ഡല്‍ഹി പൊലീസ് രാജസ്ഥാനില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ