'ഒഴിവാക്കാം പക്ഷെ നിശബ്ദനാക്കാനാവില്ല'; കോൺ​ഗ്രസിന് രൂക്ഷവിമർശനം; സുനില്‍ ഝക്കര്‍ ബിജെപിയില്‍

കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ സുനില്‍ ഝക്കര്‍ ഈ മാസം 14 നാണ് പാര്‍ട്ടി വിട്ടത്
സുനില്‍ ഝക്കറെ ജെ പി നഡ്ഡ സ്വീകരിക്കുന്നു/ എഎന്‍ഐ
സുനില്‍ ഝക്കറെ ജെ പി നഡ്ഡ സ്വീകരിക്കുന്നു/ എഎന്‍ഐ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവും പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷനുമായ സുനില്‍ ഝക്കര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയാണ് ഝക്കറിന് പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചത്. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ സുനില്‍ ഝക്കര്‍ മെയ് 14 നാണ് പാര്‍ട്ടി വിട്ടത്. 

ചരണ്‍ജിത് സിംഗ് ഛന്നിയെ മുഖ്യമന്ത്രിയാക്കിയതാണ് കോണ്‍ഗ്രസ് നേതൃത്വവുമായി സുനില്‍ ഝക്കര്‍ ഇടയാന്‍ കാരണമായത്. ഛന്നിയെ മുഖ്യമന്ത്രിയാക്കിയതിനെതിരെ ഝക്കര്‍ പരസ്യപ്രതികരണം നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് അച്ചടക്കലംഘനത്തിന് സുനില്‍ ഝക്കറെ രണ്ടു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനും എല്ലാ പദവികളില്‍ നിന്നും നീക്കം ചെയ്യാനും തീരുമാനിച്ചിരുന്നു. 

കോണ്‍ഗ്രസിനെ കുടുംബമായിട്ടാണ് കണ്ടിരുന്നത്. അതുകൊണ്ടു തന്നെ ബന്ധം വിച്ഛേദിക്കുന്നത് ഏറെ സങ്കടകരമാണ്. 50 വര്‍ഷത്തോളമായി കോണ്‍ഗ്രസുമായി ബന്ധമുണ്ട്. മൂന്നു തലമുറകളായി പാര്‍ട്ടി കുടുംബമാണ്. കോണ്‍ഗ്രസ് തന്നെ അവഗണിക്കുന്നു. ജാതിയുടെ അടിസ്ഥാനത്തിലാണ് പരിഗണന. വ്യക്തിപരമായ പ്രശ്‌നങ്ങളല്ല, അടിസ്ഥാനപരമായ വിഷയങ്ങളാണ് കോണ്‍ഗ്രസ് വിടാന്‍ കാരണം. തന്നെ പദവികളില്‍ നിന്ന് മാറ്റിനിര്‍ത്താനാകും, പക്ഷെ നിശബ്ദനാക്കാനാകില്ലെന്നും ബിജെപിയില്‍ ചേര്‍ന്നു കൊണ്ട് സുനില്‍ ഝക്കര്‍ പറഞ്ഞു. 

അനുഭവസമ്പത്തുള്ള രാഷ്ട്രീയക്കാരനാണ് സുനില്‍ ഝക്കറെന്നും ബിജെപിയെ പഞ്ചാബില്‍ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന് വലിയ റോള്‍ വഹിക്കാനാകുമെന്നും ജെ പി നഡ്ഡ പറഞ്ഞു. സുനില്‍ ഝക്കറിന് ബിജെപി രാജ്യസഭാംഗത്വം നല്‍കുമെന്നാണ് സൂചന. കൂടാതെ പഞ്ചാബില്‍ പാര്‍ട്ടിയുടെ സുപ്രധാന പദവിയും, കൂടുതല്‍ നേതാക്കളെ പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള ഉത്തരവാദിത്തവും നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com