'കുടുംബവാഴ്ച വേണ്ട'; യെഡിയൂരപ്പയുടെ മകന് സീറ്റ് നല്‍കാതെ ബിജെപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th May 2022 04:26 PM  |  

Last Updated: 24th May 2022 04:26 PM  |   A+A-   |  

yediyurappa

ബി എസ് യെഡിയൂരപ്പ/ ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയുടെ മകന്‍ ബി വൈ വിജയേന്ദ്രയെ ഒഴിവാക്കി. കുടുംബവാഴ്ച ആരോപണത്തെ ചെറുക്കാനായാണ് സംസ്ഥാന നേതൃത്വം നല്‍കിയ പട്ടികയില്‍ നിന്ന് കേന്ദ്രനേതൃത്വം വിജയേന്ദ്രയെ ഒഴിവാക്കിയത്. 

ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ ഒഴിവുവന്ന ഏഴ് സീറ്റുകളിലേക്കാണ് ജൂണ്‍ മൂന്നിന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന തെരഞ്ഞെടുപ്പായതിനാല്‍ ബിജെപി സൂക്ഷ്മതയോടെയാണ് ഇടപെടുന്നത്. 

നിലവില്‍ ബിജെപി കര്‍ണാടക ഉപാധ്യക്ഷനാണ് വിജയേന്ദ്ര. മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കിയതിതെ തുടര്‍ന്ന് ഇടഞ്ഞുനില്‍ക്കുന്ന യെഡിയൂരപ്പയെ അനുനയിപ്പിക്കാനായുള്ള നീക്കമായാണ് മകന് എംഎല്‍എസി ടിക്കറ്റ് നല്‍കാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. എന്നാല്‍ അവസാന നിമിഷം, കേന്ദ്രനേതൃത്വം പേര് ഒഴിവാക്കുകയായിരുന്നു. 

അതേസമയം, വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയേന്ദ്രയെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്താന്‍ കേന്ദ്ര നേതൃത്വം ആലോചിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

നിലവില്‍ യെഡിയൂരപ്പ ശിക്കാരിപുരയില്‍ നിന്നുള്ള എംഎല്‍എയാണ്. മറ്റൊരു മകന്‍ രാഘവേന്ദ്ര ശിവമോഗയില്‍ നിന്നുള്ള എംപിയാണ്. 

മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദി, ബിജെപി സംസ്ഥാന സെക്രട്ടറി ഹേമലത നായക, ബിജെപി എസ് സി മോര്‍ച്ച പ്രസിഡന്റ് ചലവദി നാരായസ്വാമി, എസ് കേശവപ്രസാദ് എന്നിവരെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം  അഴിമതി: പഞ്ചാബ് ആരോഗ്യമന്ത്രിയെ പുറത്താക്കി, പിന്നാലെ അറസ്റ്റ്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ