'18 വര്‍ഷത്തെ തപസ്സ് നിഷ്ഫലം'; രാജ്യസഭ സീറ്റ് നിഷേധത്തില്‍ പ്രതിഷേധിച്ച് നഗ്മ; അതൃപ്തി പരസ്യമാക്കി രാജസ്ഥാന്‍, ഗുജറാത്ത് നേതൃത്വം

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെന്നൈ: കോണ്‍ഗ്രസിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥിത്വ നിര്‍ണയത്തില്‍ അതൃപ്തിയുമായി നടിയും മഹിള കോൺ​ഗ്രസ് ജനറൽ സെക്രട്ടറിയുമായ നഗ്മ. താന്‍ 2003-04 കാലത്ത് പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തനിക്ക് നേരിട്ട് ഉറപ്പു തന്നിരുന്നു. എന്നാല്‍ 18 വര്‍ഷമായിട്ടും രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് ഒരു അവസരം പോലും തന്നില്ലെന്ന് നഗ്മ പറയുന്നു. ട്വിറ്ററിലൂടെയാണ് നഗ്മ തന്റെ പ്രതിഷേധം അറിയിച്ചത്. 

ഇമ്രാന്‍ പ്രതാപ്ഗാര്‍ഹിയെ ഇത്തവണ മഹാരാഷ്ട്രയില്‍ നിന്നും സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നു. താന്‍ ഇതിന് അര്‍ഹതയില്ലാത്ത ആളായതിനാലാകും പരിഗണിക്കാത്തതെന്നും നഗ്മ ട്വിറ്ററില്‍ സൂചിപ്പിക്കുന്നു. ഞങ്ങളുടെ 18 വര്‍ഷത്തെ തപസ്സും ഇമ്രാന്‍ ഭായിക്ക് മുന്നില്‍ വീണു എന്ന് പവന്‍ഖേരയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് നഗ്മ കുറിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള നേതാവായ ഇമ്രാന് ഇത്തവണ സീറ്റ് ലഭിക്കാന്‍ കാരണമായത് പ്രിയങ്കാഗാന്ധിയുടെ ഇടപെടലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സ്ഥാനാര്‍ത്ഥിത്വ നിര്‍ണയത്തിനെതിരെ രാജസ്ഥാന്‍ ഘടകത്തിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. രാജസ്ഥാനില്‍ നിന്നുള്ള മൂന്ന് സീറ്റിലേക്കും സംസ്ഥാനത്തുനിന്നുള്ള നേതാക്കളെ ആരെയും പരിഗണിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം. ഇറക്കുമതി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കുമെന്നും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. 

രാജസ്ഥാനില്‍ നിന്നും കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല, മുകുള്‍ വാസ്‌നിക്, പ്രമോദ് തിവാരി എന്നിവരെയാണ് സ്ഥാനാര്‍ത്ഥിയാക്കിയിട്ടുള്ളത്. സുര്‍ജേവാല ഹരിയാനക്കാരനും വാസ്‌നിക് മഹാരാഷ്ട്രയും പ്രമോദ് തിവാരി ഉത്തര്‍പ്രദേശുകാരനുമാണ്. പാര്‍ട്ടി പുനര്‍ജീവനത്തിനായി ചിന്തന്‍ ശിബിര്‍ നടത്തിയ രാജസ്ഥാനില്‍ നിന്നും ആരെയും പരിഗണിക്കാത്തത് നിരാശാജനകമാണെന്നും സംസ്ഥാന നേതൃത്വം പറയുന്നു. 

രാജസ്ഥാനില്‍ നിന്നും സീറ്റ് ആഗ്രഹിച്ച കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയ്ക്കും സീറ്റ് ലഭിച്ചില്ല. സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതില്‍ നിരാശ പ്രകടിപ്പിച്ച് തന്റെ തപസ്സില്‍ എന്തെങ്കിലും പോരായ്മ ഉണ്ടായിരിക്കാം എന്ന് പവന്‍ ഖേര ഇന്നലെ ട്വിറ്ററില്‍ കുറിപ്പ് ഇട്ടിരുന്നു. ഇന്ന് അദ്ദേഹം നിലപാട് തിരുത്തുകയും പാര്‍ട്ടി തന്നെ ആദരിച്ചിട്ടുണ്ടെന്നും ഖേര വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പട്ടിക ജാതി, പട്ടിക വര്‍ഗ-ഒബിസി സംവരണം പാലിച്ചിട്ടുണ്ടോയെന്നും, ഈ വിഭാഗത്തില്‍ നിന്നും എത്രപേരുണ്ടെന്നുമുള്ള ചോദ്യവുമായി ഗുജറാത്ത് ഘടകവും അതൃപ്തി അറിയിച്ച് രംഗത്തു വന്നിട്ടുണ്ട്. 

കോണ്‍ഗ്രസ് പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടിക അനുസരിച്ച് മുന്‍ കേന്ദ്രമന്ത്രിമാരായ പി ചിദംബരം തമിഴ്‌നാട്ടില്‍ നിന്നും ജയറാം രമേശ് കര്‍ണാടകയില്‍ നിന്നും മത്സരിക്കും.  രാജസ്ഥാനില്‍ നിന്ന് രണ്‍ദീപ് സുര്‍ജേവാല, മുകുള്‍ വാസ്‌നിക്, പ്രമോദ് തിവാരി എന്നിവരും, ഛത്തീസ് ഗഡില്‍ നിന്ന് രാജീവ് ശുക്ല, രഞ്ജീത് രഞ്ജന്‍, ഹരിയാനയില്‍ നിന്ന് അജയ് മാക്കന്‍, മധ്യപ്രദേശില്‍ നിന്ന് വിവേക് തന്‍ഖ എന്നിവരും മത്സരിക്കും. 

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തുവന്ന ജി-23 നേതാക്കളില്‍ മുകുള്‍ വാസ്‌നിക്കിനെ മാത്രമാണ് രാജ്യസഭയിലേക്ക് പരിഗണിച്ചത്. രാജ്യസഭ സീറ്റ് ആഗ്രഹിച്ചിരുന്ന മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ എന്നിവരെ തഴഞ്ഞു. സീറ്റ് ലഭിച്ചേക്കില്ലെന്ന് മുന്‍കൂട്ടി മനസ്സിലാക്കിയ കപില്‍ സിബല്‍ കഴിഞ്ഞദിവസം പാര്‍ട്ടി വിട്ട് സമാജ് വാദി പാര്‍ട്ടി പിന്തുണയോടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com