സുപ്രധാന വിധി പുറപ്പെടുവിച്ച് ജസ്റ്റിസ് യു യു ലളിത് സുപ്രീംകോടതിയുടെ പടിയിറങ്ങി, തികഞ്ഞ സംതൃപ്തിയെന്ന് ചീഫ് ജസ്റ്റിസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th November 2022 04:39 PM |
Last Updated: 07th November 2022 04:43 PM | A+A A- |

ചീഫ് ജസ്റ്റിസ് യു യു ലളിത് /ചിത്രം: എഎന്‍ഐ
ന്യൂഡല്‍ഹി: ഔദ്യോഗിക ജീവിതത്തിലെ അവസാന ദിനത്തില്‍ സുപ്രധാനമായ സാമ്പത്തിക സംവരണക്കേസില്‍ വിധി പുറപ്പെടുവിച്ച് ചീഫ് ജസ്റ്റിസ് യു യു ലളിത് സുപ്രീംകോടതിയുടെ പടവിറങ്ങി. ഒന്നാം നമ്പര്‍ കോടതിയില്‍ ജസ്റ്റിസ് ലളിതിന് യാത്രയയപ്പ് നല്‍കി. യാത്രയയപ്പ് പരിപാടിയില്‍ ചീഫ് ജസ്റ്റിസിന് ഒപ്പം നിയുക്ത ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ബേലാ എം ത്രിവേദി എന്നിവരും പങ്കെടുത്തു.
ഒന്നാം നമ്പര്‍ കോടതിയിലാണ് ജസ്റ്റിസ് ലളിതിന്റെ തുടക്കം. ഇപ്പോള്‍ ഒന്നാം നമ്പര്‍ കോടതിയില്‍ വച്ചു തന്നെയാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിട പറയുന്നത്. ഈ വര്‍ഷം ഓഗസ്റ്റ് 27 നാണ് ജസ്റ്റിസ് ലളിത് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നത്. 74 ദിവസം മാത്രമാണ് അദ്ദേഹം പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസ് പദവിയിലിരുന്നത്.
തികഞ്ഞ സംതൃപ്തിയോടെയാണ് വിരമിക്കുന്നതെന്ന് യാത്രയയപ്പ് ചടങ്ങില്‍ ചീഫ് ജസ്റ്റിസ് യു യു ലളിത് പറഞ്ഞു. സുപ്രീംകോടതിയിലെ എല്ലാ ജഡ്ജിമാര്‍ക്കും ഭരണഘടനാ ബെഞ്ചിന്റെ ഭാഗമാകാന്‍ തുല്യ അവസരം ലഭിക്കണമെന്നും അതിനാല്‍ ആണ് താന്‍ ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോള്‍ പരമാവധി ഭരണഘടന ബെഞ്ച് രൂപീകരിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
ചീഫ് ജസ്റ്റിസ് ലളിത് കോടതിയില്‍ തുടങ്ങി വച്ച പരിഷ്‌കരണങ്ങള്‍ക്ക് തുടര്‍ച്ച ഉണ്ടാകുമെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ഗുരുനാനാക് ജയന്തി ആയതിനാല്‍ സുപ്രീംകോടതിക്ക് നാളെ അവധിയാണ്. ബുധനാഴ്ച രാജ്യത്തിന്റെ 50-ാമത് ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് ചുമതലയേല്‍ക്കും.
ചീഫ് ജസ്റ്റിസ് പദവിയില്‍ ചന്ദ്രചൂഡിന് രണ്ടു വര്‍ഷം കാലാവധിയുണ്ട്. 2024 നവംബര്‍ 10 നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുക. 2000ല്‍ ബോംബെ ഹൈക്കോടതി ജഡ്ജിയായിട്ടാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ഔദ്യോഗിക ജീവിതത്തിന് തുടക്കമിടുന്നത്. 2016 മെയ് മാസത്തിലാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
'സംവരണം പുനപ്പരിശോധിക്കണം, അനന്തമായി തുടരാനാവില്ല'; സുപ്രീം കോടതി വിധിയിലെ വിശദാംശങ്ങള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ