കനത്തമഴ: താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി; അണക്കെട്ടുകളും തടാകങ്ങളും നിറഞ്ഞു കവിഞ്ഞു, തമിഴ്‌നാട്ടില്‍ പ്രളയമുന്നറിയിപ്പ് 

അടുത്ത ഏതാനും ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം
മയിലാടുതുറൈയിലെ പ്രളയക്കെടുതി/ ചിത്രം: ന്യൂ ഇൻഡ്യൻ എക്സ്പ്രസ്
മയിലാടുതുറൈയിലെ പ്രളയക്കെടുതി/ ചിത്രം: ന്യൂ ഇൻഡ്യൻ എക്സ്പ്രസ്

ചെന്നൈ: തമിഴ്‌നാട്ടില്‍ അതിശക്തമായ മഴ തുടരുന്നു. ഇതേത്തുടര്‍ന്ന് നിരവധി മേഖലകളില്‍ രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. നിരവധി അണക്കെട്ടുകളും തടാകങ്ങളും നിറഞ്ഞു കവിഞ്ഞു. ചെന്നൈ, ചെംഗല്‍പേട്ട്, മയിലാടു തുറൈ, കോയമ്പത്തൂര്‍, തിരുവാലൂര്‍ തുടങ്ങിയ ജില്ലകളിലാണ് മഴക്കെടുതി രൂക്ഷമായിട്ടുള്ളത്. 

അടുത്ത ഏതാനും ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.  ചെന്നൈ, ചെംഗല്‍പേട്ട്, കാഞ്ചീപുരം, തിരുവാലൂര്‍, വില്ലുപുരം തുടങ്ങിയ ജില്ലകളില്‍ മഴക്കെടുതി മൂലം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ട നിലയിലാണ്. തുടര്‍ച്ചയായ 12 മണിക്കൂര്‍ മഴ പെയ്തതോടെ ചെന്നൈയിലെ ഹൈവേകളിലും വെള്ളക്കെട്ടു മൂലം ഗതാഗതം സ്തംഭിച്ചു. 

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ തേനി, ദിണ്ടിഗല്‍, മധുരൈ, ശിവഗംഗ, രാമനാഥപുരം ജില്ലകളില്‍ പ്രളയമുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് വൈഗ അണക്കെട്ടില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് കാരണമായതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

കനത്തമഴ മൂലം തിരൂവാലൂരിലെ റെഡ് ഹില്‍സ് തടാകത്തില്‍ നിന്നും വെള്ളം കരകവിഞ്ഞു. ഇതേത്തുടര്‍ന്ന് ജില്ലയിലെ 11 ഓളം ഗ്രാമങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ ജില്ലയിലെ മിക്ക അണക്കെട്ടുകളും നിറഞ്ഞു കവിഞ്ഞു. ഏതാനും ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് വിലയിരുത്തല്‍. മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com