അറുത്തെടുത്ത ശ്രദ്ധയുടെ തലയെടുത്ത് എന്നും നോക്കും, ഭക്ഷണം സൂക്ഷിച്ചതും അതേ ഫ്രിഡ്ജില്‍ തന്നെ; സൈക്കോ കില്ലറുടെ രീതികളിൽ അമ്പരന്ന് പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2022 11:24 AM  |  

Last Updated: 16th November 2022 11:29 AM  |   A+A-   |  

afthab_shradha

അഫ്താബ് പൂനെവാല, ശ്രദ്ധ വാല്‍ക്കര്‍/ ഫയല്‍

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലിവിങ് ടുഗതര്‍ പങ്കാളിയായ ശ്രദ്ധ വാല്‍ക്കര്‍ എന്ന 28 കാരിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്. യുവതിയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജില്‍ തന്നെയാണ് പ്രതിയായ അഫ്താബ് അമീന്‍ പൂനെവാല ഭക്ഷണവും സൂക്ഷിച്ചിരുന്നത്. പാല്‍, വെള്ളം തുടങ്ങിയവയും ഈ ഫ്രിഡ്ജില്‍ തന്നെയാണ് സൂക്ഷിച്ചത്. 

കോള്‍ സെന്ററിലെ ജോലി കഴിഞ്ഞ് ഫ്ലാറ്റിലെത്തിയിരുന്ന അഫ്താബ് ഭക്ഷണം ഓര്‍ഡര്‍ ചെയ്താണ് കഴിച്ചിരുന്നത്. മൃതദേഹാവശിഷ്ടങ്ങള്‍ സൂക്ഷിച്ച ഫ്രിഡ്ജില്‍ തന്നെ ഭക്ഷണവും സൂക്ഷിക്കുകയായിരുന്നു. ശ്രദ്ധയെ കൊലപ്പെടുത്തിയ അതേ മുറിയില്‍തന്നെയാണ് സംഭവത്തിന് ശേഷം അഫ്താബ് ഉറങ്ങിയിരുന്നത്. 

ശ്രദ്ധയുടെ മൃതദേഹം 35 കഷണങ്ങളാക്കിയാണ് വെട്ടിനുറുക്കിയത്. ശ്രദ്ധയുടെ അറുത്തുമാറ്റിയ തല ഫ്രിഡ്ജില്‍ പ്രത്യേകം സൂക്ഷിച്ചിരുന്നു. ഇത് ഉപേക്ഷിക്കുന്നതുവരെ, പതിവായി അഫ്താബ്  ഫ്രിഡ്ജ് തുറന്ന് യുവതിയുടെ മുഖത്തേക്ക് നോക്കിയിരുന്നതായും പൊലീസ് പറഞ്ഞു. മേയ് 18 നാണ് ശ്രദ്ധ വാല്‍ക്കറെ കാമുകനായ 28 കാരന്‍ അഫ്താബ് പൂനവാല കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. 

കൊലപാതകം നടന്നതിന്റെ പിറ്റേന്ന്, മെയ് 19 നാണ് അഫ്താബ് 300 ലിറ്ററിന്റെ പുതിയ ഫ്രിഡ്ജ് വാങ്ങുന്നത്. മൂന്ന് ആഴ്ച റഫ്രിജറേറ്ററില്‍ സൂക്ഷിച്ച ശരീരഭാഗങ്ങള്‍ 18 ദിവസം കൊണ്ടാണ് നഗരത്തില്‍ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചത്. കൈകാലുകളിലെ എല്ലുകളെന്ന് സംശയിക്കുന്ന 13 കഷണങ്ങള്‍ കാട്ടില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. എന്നാല്‍ തലയോ ശരീരഭാഗമോ സ്ത്രീയെ തിരിച്ചറിയാന്‍ കഴിയുന്ന ഏതെങ്കിലും ശരീരഭാഗമോ ഇതുവരെ വീണ്ടെടുക്കാനായിട്ടില്ല.

മൃതദേഹം വെട്ടിനുറുക്കാന്‍ ഉപയോഗിച്ച ഏകദേശം ഒരു അടി നീളമുള്ള വാള്‍, ആ സമയത്ത് അഫ്താബ് ധരിച്ച രക്തം പുരണ്ട വസ്ത്രങ്ങള്‍ എന്നിവയും പൊലീസിന് കണ്ടെത്താനായിട്ടില്ല. മൃതദേഹ അവശിഷ്ടങ്ങളെല്ലാം ഉപേക്ഷിച്ചശേഷം പ്രതി ഫ്രിഡ്ജ് കഴുകി വൃത്തിയാക്കുകയും ചെയ്തിരുന്നു. മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന സമയത്ത് ദുര്‍ഗന്ധം വമിക്കാതിരിക്കാനായി ചന്ദ്രനത്തിരികളും റൂം റിഫ്രഷ്‌നറുകളും ഉപയോഗിച്ചിരുന്നു. 

മൃതദേഹ അവശിഷ്ടങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുമ്പോള്‍ തന്നെ അഫ്താബ് നിരവധി പെണ്‍കുട്ടികളെ റൂമില്‍ കൊണ്ടു വന്നിരുന്നു. പുതിയ കാമുകിയെ വീട്ടിലേക്കു കൊണ്ടുവരുമ്പോള്‍ ശ്രദ്ധയുടെ മൃതദേഹം ഫ്രിജില്‍നിന്ന് കബോര്‍ഡിലേക്ക് മാറ്റാനും അഫ്താബ് ശ്രദ്ധിച്ചിരുന്നു. ഡേറ്റിങ്ങ് ആപ്പു വഴിയാണ് അഫ്താബ് പെണ്‍കുട്ടികളുമായി അടുപ്പമുണ്ടാക്കിയിരുന്നത്. അഫ്താബിന്റെ ഇടപാടികളുടെ വിശദാംശങ്ങള്‍ ലഭിക്കാനായി പൊലീസ് ഡേറ്റിങ്ങ് ആപ്പ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'അവന്‍ എന്നെ കൊല്ലും, എങ്ങനെയെങ്കിലും രക്ഷിക്കണം, രാത്രി തന്നെ'; പ്രണയം കൊലക്കുരുക്കായി, കഥകള്‍ പുറത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ