മുംബൈ: ഡല്‍ഹിയില്‍ ലിവിങ് ടുഗതര്‍ പങ്കാളിയായ യുവതിയെ വെട്ടിനുറുക്കിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. ജീവിതപങ്കാളി അഫ്താബ് അഹമ്മദ് പൂനെവാലയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ശ്രദ്ധ വാല്‍ക്കര്‍ ആഗ്രഹിച്ചിരുന്നതായി സുഹൃത്ത് വെളിപ്പെടുത്തി. അവസാന നാളുകളില്‍ ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. അഫ്താബ് ശ്രദ്ധയെ മര്‍ദ്ദിക്കുമായിരുന്നു. ഈ ബന്ധം തുടരാനില്ലെന്നും അവസാനിപ്പിക്കാനും ശ്രദ്ധ ആഗ്രഹിച്ചിരുന്നു. പക്ഷെ അതിന് സാധിച്ചിരുന്നില്ലെന്നും ശ്രദ്ധയുടെ സുഹൃത്ത് രജത് ശുക്ല പറഞ്ഞു.
2018 ലാണ് ശ്രദ്ധ അഫ്താബുമായി ബന്ധം സ്ഥാപിക്കുന്നത്. 2019 ലാണ് ഈ ബന്ധത്തെക്കുറിച്ച് ശ്രദ്ധ തന്നോട് പറയുന്നത്. തുടക്കത്തില്‍ ഇരുവരും വളരെ സ്‌നേഹത്തിലായിരുന്നു ജീവിച്ചിരുന്നത്. പിന്നീട് ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ വീണു. വഴക്ക് പതിവായി. അഫ്താബിന്റെ ക്രൂരമായ പെരുമാറ്റം മടുത്ത ശ്രദ്ധ ബന്ധം അവസാനിപ്പിക്കുന്നതിനെപ്പറ്റി പോലും ചിന്തിച്ചിരുന്നതായി രജത് ശുക്ല പറയുന്നു.
എന്നാല്‍ ബന്ധത്തില്‍ നിന്നും പുറത്തുകടക്കുക എന്നത് അവള്‍ക്ക് ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു. അവളുടെ ജീവിതം ഏറെ നരകതുല്യമായിരുന്നു. ഡല്‍ഹിയിലേക്ക് മാറുമ്പോള്‍, അവിടെ ജോലിക്ക് പോകാന്‍ ഇരുവരും തീരുമാനിച്ചിരുന്നു. ഡല്‍ഹിയിലേക്ക് മാറിയതിന് ശേഷം ശ്രദ്ധയുമായുള്ള ബന്ധം നിലച്ചതായും രജത് ശുക്ല കൂട്ടിച്ചേര്‍ത്തു.
ശ്രദ്ധയും അഫ്താബും തമ്മില്‍ മിക്കപ്പോഴും വഴക്ക് ഉണ്ടാകാറുണ്ടായിരുന്നുവെന്ന് പാല്‍ഘര്‍ സ്വദേശിയായ സുഹൃത്ത് ലക്ഷ്മണ്‍ നാദിര്‍ പറഞ്ഞു. വഴക്ക് മൂര്‍ധന്യത്തിലെത്തുമ്പോള്‍, രാത്രി തന്നെ എവിടെയെങ്കിലും കൊണ്ടുപോകാന്‍ വാട്‌സ്ആപ്പില്‍ മെസേജ് അയക്കും. അന്ന് രാത്രി അഫ്താബിനൊപ്പം താമസിച്ചാല്‍ അവന്‍ തന്നെ കൊല്ലുമെന്ന് അവള്‍ പറഞ്ഞു.
സുഹൃത്തുക്കളായ ഞങ്ങള്‍ അവളെ രാത്രി തന്നെ അവളുടെ വീട്ടില്‍ നിന്ന് മാറ്റും. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുമെന്ന് അഫ്താബിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അഫ്താബിനെതിരെ പൊലീസില്‍ പരാതി നല്‍കേണ്ടെന്ന് ശ്രദ്ധ ആവശ്യപ്പെടും. അവളുടെ താല്‍പ്പര്യം കണക്കിലെടുത്താണ് അന്നൊന്നും പൊലീസിനെ സമീപിക്കാതിരുന്നതെന്നും ലക്ഷ്മണ്‍ നാദിര്‍ പറഞ്ഞു.
ശ്രദ്ധ തന്നെ ഫോണില്‍ ബന്ധപ്പെട്ടിട്ട് രണ്ടുമാസത്തിലേറെയായെന്ന് ലക്ഷ്മണ്‍ വ്യക്തമാക്കി. താന്‍ അയക്കുന്ന സന്ദേശങ്ങള്‍ക്കൊന്നും മറുപടി ലഭിക്കാറില്ല. ഫോണ്‍ വിളിച്ചാല്‍ സ്വിച്ച് ഓഫ് ആണ്. ഇതോടെ ആശങ്കയായി. തുടര്‍ന്ന് ഇരുവരേയും കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ജൂലൈ മാസത്തിനുശേഷം ശ്രദ്ധയുമായി ഫോണില്‍ ബന്ധപ്പെടാനായിട്ടില്ലെന്നും, അവളെ കണ്ടെത്താനായി പൊലീസിന്റെ സഹായം തേടാനും ശ്രദ്ധയുടെ സഹോദരനോട് ആവശ്യപ്പെടുകയായിരുന്നു എന്നും ലക്ഷ്മണ്‍ നാദിര്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ പാല്‍ഘര്‍ സ്വദേശിയായ ശ്രദ്ധ വാല്‍ക്കറും മുംബൈ സ്വദേശിയായ അഫ്താബ് അഹമ്മദ് പൂനെവാലയും ഡേറ്റിങ്ങ് ആപ്പുവഴിയാണ് സൗഹൃദത്തിലാകുന്നതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ഇരുവരും ലിവിങ് ടുഗതര്‍ ആയി താമസിക്കാന്‍ തുടങ്ങി. മൂന്നുവര്‍ഷത്തോളം ഇവര്‍ മഹാരാഷ്ട്രയില്‍ കഴിഞ്ഞു. തുടര്‍ന്നാണ് ഇരുവരും ഡല്‍ഹിയിലേക്ക് താമസം മാറുന്നതെന്ന് സൗത്ത് ഡല്‍ഹി അഡീഷണല്‍ ഡിസിപി അങ്കിത് ചൗഹാന്‍ പറഞ്ഞു.
ഡല്‍ഹിയിലേക്ക് താമസം മാറിയതിന് പിന്നാലെ വിവാഹം കഴിക്കണമെന്ന് ശ്രദ്ധ ആവശ്യപ്പെട്ടു. എന്നാല്‍ അഫ്താബ് ഇതിന് കൂട്ടാക്കിയില്ല. ഇതേച്ചൊല്ലിയും നിരന്തരം വഴക്കുണ്ടായിരുന്നു. മെയ് 18 ന് വഴക്ക് മൂര്‍ധന്യത്തിലെത്തിയപ്പോള്‍ അഫ്താബ്, യുവതിയുടെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അങ്കിത് ചൗഹാന്‍ വ്യക്തമാക്കി. മൃതദേഹം 35 കഷണങ്ങളാക്കി വെട്ടിനുറുക്കി. തുടര്‍ന്ന് 18 ദിവസങ്ങളിലായി രാത്രികാലങ്ങളില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ ഡല്‍ഹി ഛത്താര്‍പൂര്‍ എന്‍ക്ലേവിന് സമീപത്തെ വനപ്രദേശങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
