'കണ്ടെത്താനായാല്‍ അവളെ വിവാഹം കഴിക്കണം'; ബലാത്സംഗ കേസില്‍ പ്രതിക്കു ജാമ്യം നല്‍കി ഹൈക്കോടതി
By സമകാലികമലയാളം ഡെസ്‌ക് | Published: 17th October 2022 10:54 AM |
Last Updated: 17th October 2022 10:54 AM | A+A A- |

പ്രതീകാത്മക ചിത്രം
മുംബൈ: ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന വ്യവസ്ഥയില്‍ പ്രതിക്കു ജാമ്യം നല്‍കി ബോംബെ ഹൈക്കോടതി. നിലവില്‍ എവിടെയെന്നറിയാത്ത പെണ്‍കുട്ടിയെ ഒരു വര്‍ഷത്തിനകം കണ്ടെത്തിയാല്‍ വിവാഹം കഴിക്കണമെന്നാണ് ജസ്റ്റിസ് ഭാരതി ദാന്‍ഗ്രെയുടെ നിര്‍ദേശം.
ഒരു വര്‍ഷത്തിനകം പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ പ്രതി അവളെ വിവാഹം കഴിക്കണം. ഒരു വര്‍ഷത്തേക്കു മാത്രമേ ഈ വ്യവസ്ഥയുള്ളൂവെന്നും കോടതി വ്യക്തമാക്കി.
ഇരുപത്തിയാറുകാരനായ പ്രതിയും 22 വയസ്സുള്ള പരാതിക്കാരിയും അയല്‍ക്കാരാണ്. ഇരുവരും തമ്മില്‍ പ്രണയത്തില്‍ ആയിരുന്നെന്നും വീട്ടുകാര്‍ക്ക് ഇത് അറിയാമായിരുന്നെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. വിവാഹം നടക്കുമെന്ന ഉറപ്പില്‍ ഇരുവരും തമ്മില്‍ ശാരീരികമായി ബന്ധപ്പെട്ടിരുന്നു.
2019 ഒക്‌ടോബറില്‍ താന്‍ ആറു മാസം ഗര്‍ഭിണിയാണെന്ന് പെണ്‍കുട്ടി യുവാവിനെ അറിയിച്ചു. ആര്‍ത്തവ ചക്രം കൃത്യമല്ലാത്തതിനാല്‍ ഇത് അറിയാന്‍ വൈകിയെന്നും അറിയിച്ചു. എന്നാല്‍ യുവാവ് വിവാഹത്തിനു തയാറായില്ല. തുടര്‍ന്നു ഗര്‍ഭിണിയാണെന്ന വിവരം രഹസ്യമാക്കി വച്ച് പെണ്‍കുട്ടി വീടുവിട്ടു. 2020 ജനുവരില്‍ പെണ്‍കുട്ടി കുഞ്ഞിനു ജന്മം നല്‍കി. കുട്ടിയെ മറൈന്‍ ലൈന്‍സിലെ ഒരു വളപ്പില്‍ ഉപേക്ഷിക്കുകയും ചെയ്തു.
പെണ്‍കുട്ടിയുടെ പരാതിയില്‍ 2020 ഫെബ്രുവരിയിലാണ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. യുവാവ് ഉടന്‍ തന്നെ അറസ്റ്റിലായി.
പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയാറാണെന്നും കുഞ്ഞിനെ സ്വീകരിക്കാമെന്നുമാണ് യുവാവ് കോടതിയെ അറയിച്ചത്. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടുണ്ടെന്നും ലൈംഗിക ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പെണ്‍കുട്ടി ഇപ്പോള്‍ എവിടെയെന്ന് അറിയില്ലെങ്കിലും അവളെ സ്വീകരിക്കാന്‍ തയാറാണെന്നും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കുകയാണെന്ന് കോടതി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ