ബെംഗളൂരു: ദീപാവലി സമ്മാനമായി തദ്ദേശ ഭരണ ജനപ്രതിനിധികൾക്ക് സ്വർണവും പണവും പട്ടുസാരിയുമടക്കം നൽകിയ മന്ത്രിയുടെ നടപടി വിവാദത്തിൽ. കർണാടക ടൂറിസം മന്ത്രി ആനന്ദ് സിങാണ് വില പിടിപ്പുള്ള സമ്മാനങ്ങൾ വിതരണം ചെയ്ത് വിവാദത്തിലായത്. സ്വന്തം മണ്ഡലമായ ഹോസാപേട്ടിലെ മുൻസിപ്പൽ കോർപറേഷൻ അംഗങ്ങൾക്കും ഗ്രാമ പഞ്ചായത്ത് അംഗങ്ങൾക്കുമാണ് ആനന്ദ് സിങ് സമ്മാനം നൽകിയത്.
ദീപാവലിയോടനുബന്ധിച്ച് ആനന്ദിന്റെ വീട്ടിൽ നടന്ന ലക്ഷ്മി പൂജയ്ക്കുള്ള ക്ഷണക്കത്തിനൊപ്പമായിരുന്നു ജനപ്രതിനിധികൾക്ക് സ്വർണം, വെള്ളി, വസ്ത്രം, പണം, പട്ടുസാരി തുടങ്ങിയവ സമ്മാനിച്ചത്. മുൻസിപ്പൽ കോർപ്പറേഷൻ അംഗങ്ങൾക്ക് ഒരു ലക്ഷം രൂപ, 144 ഗ്രാം സ്വർണം, ഒരു കിലോ വെള്ളി, ഒരു പട്ട് സാരി, ഒരു മുണ്ട്, ഡ്രൈ ഫ്രൂട്‌സ് ബോക്സ് എന്നിവ അടങ്ങിയ പെട്ടിയാണ് നൽകിയത്.
ഗ്രാമ പഞ്ചായത്ത് അംഗങ്ങൾക്കും സമ്മാനങ്ങൾ ഉൾപ്പെട്ട പെട്ടി നൽകി. എന്നാൽ ഇവർക്ക് സ്വർണം നൽകിയില്ല. മുൻസിപ്പൽ കോർപറേഷൻ അംഗങ്ങളെ അപേക്ഷിച്ച് ഇവർക്ക് നൽകിയ പണവും കുറവാണ്. മറ്റു വസ്തുക്കളെല്ലാം ഇരുകൂട്ടർക്കും ഒരേ പോലെയാണ്.
ക്ഷണക്കത്തും സമ്മാനങ്ങളും അടങ്ങിയ പെട്ടിയുടെ ചിത്രം വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാദം ഉയർന്നത്. എന്നാൽ ഇതിനോട് ആനന്ദ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം ആനന്ദിനെ പിന്തുണച്ച് അനുയായികൾ രംഗത്തെത്തി. എല്ലാ വർഷവും ആനന്ദ് ദീപാവലിക്ക് മണ്ഡലത്തിലെ ജനപ്രതിധികൾക്ക് സമ്മാനം അയക്കാറുണ്ട്. തെരഞ്ഞെടുപ്പ് ആസന്നമായതാണ് വിവാദത്തിന് കാരണമെന്ന് അനുയായികൾ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates