'ആര്‍എസ്എസ് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തിട്ടുണ്ടോ? നെഹ്‌റു അവരെ ക്ഷണിച്ചോ?'  

ഇടതു മുന്നണി സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നതിനിടെ സജീവമാവുകയാണ്, ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന മറ്റൊരു അക്കാദമിക് ചര്‍ച്ച
ആര്‍എസ്എസ് പ്രവര്‍ത്തകര്‍/ഫയല്‍
ആര്‍എസ്എസ് പ്രവര്‍ത്തകര്‍/ഫയല്‍

ന്യൂഡല്‍ഹി: 1963ലെ റിപ്പബ്ലിക് ദിന പരേഡില്‍ ആര്‍എസ്എസ് പങ്കെടുത്തിട്ടുണ്ടോ? പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ഇതിന് ആര്‍എസ്എസിനെ ക്ഷണിച്ചോ?  കേരളത്തിലെ ഇടതു മുന്നണി സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നതിനിടെ സജീവമാവുകയാണ്, ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന മറ്റൊരു അക്കാദമിക് ചര്‍ച്ച. 

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ സന്ദര്‍ശിച്ചതിനെക്കുറിച്ചു ചോദ്യമുയര്‍ന്നപ്പോള്‍ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയതാണ്, 1963ലെ റിപ്പബ്ലിക് ദിന പരേഡ്.  ഇന്ത്യാ ചൈന യുദ്ധത്തിലെ സ്വയംസേവകരുടെ പ്രവര്‍ത്തനം കണ്ട തൃപ്തിയില്‍ അന്ന് ജവഹര്‍ലാല്‍ നെഹ്‌റു ആര്‍എസ്എസിനെ ക്ഷണിച്ചെന്നും തുടര്‍ന്നു കേഡര്‍മാര്‍ പരേഡില്‍ പങ്കെടുത്തെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞത്. ആര്‍എസ്എസ് നേരത്തെ തന്നെ ഉന്നയിച്ചിട്ടുള്ള അവകാശവാദമാണിത്. എന്നാല്‍ ഇതിന് ഉപോത്ബലകമായ തെളിവുകള്‍ ഒന്നുമില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

2018ല്‍ ഇന്ത്യാ ടുഡേ മാഗസിന്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രതിരോധ മന്ത്രാലയത്തോട് വിവരാവകാശ നിയമപ്രകാരം ആരാഞ്ഞിരുന്നു. ആര്‍എസ്എസ് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തതിന്റെ വിവരങ്ങള്‍ ഒന്നും ലഭ്യമല്ലെന്നാണ് മന്ത്രാലയം അറിയിച്ചത്. 1963ലെ റിപ്പബ്ലിക് ദിന പരേഡില്‍ ആരൊക്കെ പങ്കെടുത്തു എന്നതിന് രേഖകള്‍ ഒന്നും ലഭ്യമല്ലെന്ന് മറുപടിയില്‍ പറയുന്നു.

എന്നാല്‍ ആര്‍എസ്എസ് പങ്കെടുത്തതിന് തെളിവുണ്ടെന്നാണ് സംഘടനയുടെ വാദം. ഹിന്ദുസ്ഥാന്‍ പത്രം ഇതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ആര്‍എസ്എസ് നേതാവ് ജെ നന്ദകുമാര്‍ പറഞ്ഞു. ചിത്രങ്ങള്‍ സഹിതമായിരുന്നു റിപ്പോര്‍ട്ടെന്നും നന്ദകുമാര്‍ പറയുന്നു.

''ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് വിവരാവകാശ മറുപടി. സുഭാഷ് ചന്ദ്ര ബോസിനെക്കുറിച്ചുള്ള വിവരങ്ങളുടെ രേഖ പോലും നിലവില്‍ ലഭ്യമല്ല. ആര്‍എസ്എസ് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട രേഖകള്‍ ചിലപ്പോള്‍ നശിപ്പിക്കപ്പെട്ടതാവാം. അതു സൂക്ഷിക്കേണ്ടതില്ലെന്ന് അന്നു ഭരിച്ചവര്‍ തീരുമാനിച്ചിട്ടുണ്ടാവാം.''- നന്ദകുമാര്‍ പറഞ്ഞു.

ആര്‍എസിഎസിനെ ക്ഷണിച്ചതിനെക്കുറിച്ച് നെഹ്‌റു ആത്മകഥയില്‍ ഒന്നും പറയുനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി പ്രതികരിച്ചു. ആര്‍എസ്എസ് രാജ്യത്തെ ഭിന്നിപ്പിക്കുന്ന സംഘടനയാണ്. ഇത്തരത്തിലുള്ള അവകാശവാദങ്ങളൊന്നും അവര്‍ക്കു വിശ്വാസ്യത ഉണ്ടാക്കിക്കൊടുക്കില്ലെന്ന് മൊയ്‌ലി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com