കാമുകനുമായുള്ള ബന്ധത്തിന് ഭർത്താവ് തടസം; ശ്വാസം മുട്ടിച്ച് കൊന്നു; മൃതദേഹം കത്തിച്ച് കനാലിൽ എറിഞ്ഞു; ചുരുളഴിച്ച് പൊലീസ്

ഇരയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് ദുരൂഹത നീക്കിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അമരാവതി: അഞ്ച് മാസങ്ങൾക്ക് മുൻപ് കനാലിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിച്ച് പൊലീസ്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മരിച്ചത് പുരുഷനാണെന്നും സംഭവം കൊലപാതകമാണെന്നും പൊലീസ് കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് മരിച്ച ആളുടെ ഭാര്യയേയും കാമുകനേയും മറ്റൊരാളെയും പൊലീസ് അറസ്റ്റ് ചെയ്തു. 

ഇരയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് ദുരൂഹത നീക്കിയത്. കെ രാജു എന്നു പേരുള്ള ആളാണ് മരിച്ചത്. ഇയാളുടെ ഭാര്യ സുജാത, ഭാര്യാ കാമുകൻ ബി രാമു, ഇയാളുടെ സുഹൃത്ത് കെ നുകരാജു എന്നിവരാണ് പിടിയിലായത്. ശ്രീകാകുളം ജില്ലയിലെ ചിന്നക്കൊല്ലിവലസയിലാണ് ദമ്പതിമാർ താമസിച്ചിരുന്നത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. 

രാജുവിന്റെ ഭാര്യ സുജാത രാമുവുമായി അടുപ്പത്തിലായിരുന്നു. ബന്ധത്തിന് ഭർത്താവ് തടസമാണെന്ന് കണ്ടതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. 

ദമ്പതികൾ തമ്മിൽ വഴക്കിടാറുണ്ടെന്നും പടാലി ഗ്രാമവാസിയായ രാമുവുമായി സുജാത വിവാഹേതര ബന്ധം പുലർത്തിയിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കുറച്ചുകാലം ഹൈദരാബാദിൽ കൂലിപ്പണിക്ക് പോയ രാജു ഏപ്രിൽ നാലിന് തിരിച്ചെത്തി. പിന്നാലെയാണ് സുജാതയും രാമുവും ചേർന്ന് രാജുവിനെ കൊല്ലാൻ പദ്ധതിയിട്ടത്. 

ഏപ്രിൽ ആറിന് വംശധാര നദിക്ക് സമീപം വച്ച് രാജുവും രാമുവും നുകരാജും ചേർന്ന് മദ്യപിച്ചിരുന്നു. രാജുവിന് അമിതമായി മദ്യം നൽകി അബോധാവസ്ഥയിലാക്കി ഇരുവരും ചേർന്ന് ഇയാളെ ഓട്ടോയിൽ കയറ്റി എൽഎൻ പേട്ടയ്ക്ക് സമീപം വംശധാരയിലെ കനാലിന് സമീപത്തേക്ക് കൊണ്ടുപോയി. 

പിന്നാലെ ഓട്ടോയുടെ എഞ്ചിൻ സ്റ്റാർട്ട് ചെയ്യാൻ ഉപയോഗിക്കുന്ന വയർ ഉപയോഗിച്ച് കഴുത്തിൽ കുരുക്കിട്ട് കൊല്ലുകയായിരുന്നു. തുടർന്ന് പ്രതികൾ മൃതദേഹം പറമ്പിൽ ഉപേക്ഷിച്ചു.

വീട്ടിൽ തിരിച്ചെത്തിയപ്പോൾ, മൃതദേഹം പറമ്പിൽ കിടന്നാൽ ആരെങ്കിലും തിരിച്ചറിഞ്ഞ് പൊലീസിൽ അറിയിക്കുമെന്ന് സുജാത പറഞ്ഞു. ഇവരുടെ നിർദേശപ്രകാരം ഏപ്രിൽ ഏഴിന് രാത്രി രാമുവും നുകരാജും സ്ഥലത്തെത്തി പെട്രോൾ ഒഴിച്ച് മൃത​ദേഹം കത്തിച്ചു. എന്നാൽ മഴ പെയ്തതിനാൽ ശരീരം പൂർണമായും കത്തിക്കരിഞ്ഞില്ല. തുടർന്ന് പ്രതികൾ മൃതദേഹം കനാലിലേക്ക് വലിച്ചെറിഞ്ഞു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം, കനാലിൽ പാതി കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങൾ കണ്ട ചിലർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ദുരൂഹ മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

അതിനിടെ ആർക്കും സംശയം തോന്നാതിരിക്കാൻ ഭർത്താവിനെ കാണാതായതായി സുജാത പൊലീസിൽ പരാതി നൽകിയിരുന്നു. ഏപ്രിൽ 22നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. രാജുവിന്റെ മൊബൈൽ ഫോണിലെ കോൾ ഡാറ്റ വീണ്ടെടുത്തപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ചില സൂചനകൾ ലഭിച്ചു. പിന്നാലെ ഭാര്യയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com