'മറ്റുള്ളവരുടെ അവകാശത്തില്‍ കടന്നുകയറുന്നത് എന്തിന്?' നോണ്‍ വെജ് പരസ്യം വിലക്കണമെന്ന് ഹര്‍ജി; വിമര്‍ശിച്ച് ഹൈക്കോടതി 

പരസ്യം വരുമ്പോള്‍ ടെലിവിഷന്‍ ഓഫ് ചെയ്യാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മാംസത്തിന്റെയും മാംസ ഉത്പന്നങ്ങളുടെയും പരസ്യം വിലക്കണമെന്ന് ഹര്‍ജി നല്‍കിയ ജൈന സംഘടനകള്‍ക്കെതിരെ വിമര്‍ശനവുമായി ബോംബെ ഹൈക്കോടതി. മറ്റുള്ളവരുടെ അവകാശങ്ങള്‍ കടന്നുകയറുന്നത് എന്തുകൊണ്ടെന്ന് ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് ഹര്‍ജിക്കാരോട് ആരാഞ്ഞു.

പരസ്യം വിലക്കുന്നത് നിയമ നിര്‍മാണ സഭയുടെ പരിധിയില്‍ വരുന്ന കാര്യമാണെന്നും അതിലേക്കു കടന്നുകയറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടതി അറിയിച്ചു. മൂന്ന് ജൈന മത സംഘടനകളും ജൈനമതത്തില്‍ പെട്ട മുംബൈ സ്വദേശിയുമാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. 

മാംസത്തിന്റെയും മാംസ ഉത്പന്നങ്ങളുടെയും പരസ്യം കാണാന്‍ തങ്ങളുടെ കുടുംബങ്ങളും കുട്ടികളും നിര്‍ബന്ധിക്കപ്പെടുകയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇതു കുട്ടികളുടെ മനസ്സിനെ മലീമസമാക്കും. സമാധാനത്തോടെ ജീവിക്കാനുള്ള തങ്ങളുടെ അവകാശമണ് ഇതിലൂടെ ലംഘിക്കപ്പെടുന്നതെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു.

ഹര്‍ജിക്കാര്‍ക്ക് ഭരണഘടനയുടെ അനുഛേദം 19നെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് കോടതി ആരാഞ്ഞു. ''നിങ്ങള്‍ എന്തുകൊണ്ടാണ് മറ്റുള്ളവരുടെ അവകാശങ്ങളില്‍ കടന്നുകയറുന്നത്? നിങ്ങള്‍ ഭരണഘടനയുടെ ആമുഖം വായിച്ചിട്ടുണ്ടോ?''- കോടതി ചോദിച്ചു.

പരസ്യം വിലക്കുന്നതിന് നിയമം നിര്‍മിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്. അത് തീരുമാനിക്കേണ്ടത് നിയമ നിര്‍മാണ സഭയാണ്. കോടതിയല്ല അതില്‍ അഭിപ്രായം പറയേണ്ടതെന്ന് ബെഞ്ച് വ്യക്തമാക്കി. പരസ്യം വരുമ്പോള്‍ ടെലിവിഷന്‍ ഓഫ് ചെയ്യാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കോടതി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com