

ബംഗളൂരു: കര്‍ണാടകത്തില്‍ പശുക്കടത്ത് ആരോപിച്ച് കൊലപാതകം.കര്‍ണാടകയിലെ രാമനഗര ജില്ലയിലെ സാത്തന്നൂരിലാണ് സംഭവം. സാത്തന്നൂര്‍ സ്വദേശിയായ ഇദ്രിസ് പാഷയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തീവ്ര ഹിന്ദുസംഘടനാ പ്രവര്‍ത്തകന്‍ പുനീത് കാരെഹള്ളിയുടെ നേതൃത്വത്തിലുള്ള ഗോ സംരക്ഷണ പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച് ഇദ്രിസ് പാഷയുടെ മൃതദേഹവുമായി ബന്ധുക്കള്‍ പ്രതിഷേധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പുനീത് കാരെഹള്ളിക്കും കണ്ടാലറിയാവുന്ന മറ്റ് ആളുകള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.
കഴിഞ്ഞദിവസം രാത്രി പശുക്കളെ വണ്ടിയില്‍ കൊണ്ടുപോവുകയായിരുന്നു ഇദ്രിസ് പാഷയുടെ വാഹനം ഗോ സംരക്ഷണ പ്രവര്‍ത്തകര്‍ തടഞ്ഞതായി എഫ്‌ഐആറില്‍ പറയുന്നു. കന്നുകാലികളെ ലോക്കല്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയതാണെന്നും രേഖകള്‍ കൈവശം ഉണ്ടെന്നും ഇദ്രിസ് പാഷ പറഞ്ഞു. എന്നാല്‍ പാഷയോട് അസഭ്യം പറയുകയും പാകിസ്ഥാനിലേക്ക് പോകാന്‍ പുനീത് ആവശ്യപ്പെടുകയും ചെയ്തതായി പൊലീസ് പറയുന്നു. തുടര്‍ന്ന് പാഷയെ പിന്തുടര്‍ന്ന പുനീത്, ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ പാഷയ്ക്ക് പിന്നീട് മരണം സംഭവിക്കുകയായിരുന്നു എന്നും എഫ്‌ഐആറില്‍ പറയുന്നു. പാഷയെ മോചിപ്പിക്കുന്നതിന് രണ്ടുലക്ഷം രൂപ മോചനദ്രവ്യമായി പുനീത് ആവശ്യപ്പെട്ടതായും അല്ലാത്തപക്ഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ബന്ധുക്കള്‍ ആരോപിക്കുന്നു
ഇദ്രിസ് പാഷയെ ആക്രമിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇന്നലെയാണ് ഇദ്രിസ് പാഷയുടെ മൃതദേഹം റോഡില്‍ കണ്ടെത്തിയത്. ഇദ്രിസ് പാഷയുടെ മൃതദേഹവുമായി ബന്ധുക്കള്‍ സാത്തന്നൂര്‍ പൊലീസ് സ്റ്റേഷന് മുന്നിലാണ് പ്രതിഷേധിച്ചത്. ഇതേ തുടര്‍ന്നാണ് പുനീത് കാരെഹള്ളിക്ക് എതിരെ പൊലീസ് കേസെടുത്തത്. കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates