ജമ്മു നര്‍വാല്‍ ഇരട്ട സ്‌ഫോടനം: ലഷ്‌കര്‍ ഭീകരന്‍ അറസ്റ്റില്‍; പിടിയിലായത് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍

'ബോട്ടിലില്‍ അമര്‍ത്തിയാലോ തുറക്കാന്‍ ശ്രമിച്ചാലോ പെര്‍ഫ്യൂം ഐഇഡി പൊട്ടിത്തെറിക്കും'
പൊലീസ് കണ്ടെടുത്ത പെര്‍ഫ്യൂം ഐഇഡി/ എഎന്‍ഐ
പൊലീസ് കണ്ടെടുത്ത പെര്‍ഫ്യൂം ഐഇഡി/ എഎന്‍ഐ

ശ്രീനഗര്‍: ജമ്മു നര്‍വാല്‍ ഇരട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ ലഷ്‌കര്‍ ഭീകരന്‍ അറസ്റ്റില്‍. സര്‍ക്കാര്‍ ജീവനക്കാരനായ ആരിഫ് ആണ് പിടിയിലായത്. ലഷ്‌കര്‍-ഇ തയ്ബയുടെ സ്ലീപ്പര്‍ സെല്‍ അംഗമാണ്. തെളിവു നശിപ്പിക്കാനായി ഇയാള്‍ മൊബൈല്‍ഫോണ്‍ കത്തിച്ചുവെന്നും ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു. 

സര്‍ക്കാര്‍ സര്‍വീസില്‍ അധ്യാപകനായ ആരിഫ് മൂന്നു വര്‍ഷമായി ലഷ്‌കര്‍ ഇ തയ്ബയുടെ സ്ലീപ്പര്‍ സെല്‍ അംഗമായി പ്രവര്‍ത്തിച്ചു വരികയാണ്. 2016 മുതല്‍ ഇയാള്‍ സര്‍ക്കാര്‍ സര്‍വീസിലുണ്ട്. ഇയാളില്‍ നിന്നും ഒരു ഐഇഡി പെര്‍ഫ്യൂമും കണ്ടെടുത്തിട്ടുണ്ട്. ഇത്തരമൊരു സ്‌ഫോടകവസ്തു കശ്മീരില്‍ ആദ്യമായാണ് കണ്ടെടുക്കുന്നതെന്ന് പൊലീസ് സൂചിപ്പിച്ചു. ബോട്ടിലില്‍ അമര്‍ത്തിയാലോ തുറക്കാന്‍ ശ്രമിച്ചാലോ ഇതു പൊട്ടിത്തെറിക്കും. ഇതു നിര്‍വീര്യമാക്കാന്‍ പൊലീസ് ശ്രമിക്കുകയാണ്. 

കഴിഞ്ഞമാസം 21 നാണ് ജമ്മുവിന് സമീപം നര്‍വാലില്‍ വര്‍ക്ക് ഷോപ്പില്‍ ഇരട്ട സ്‌ഫോടനം ഉണ്ടാകുന്നത്. സ്‌ഫോടനത്തില്‍ ഒമ്പതു പേര്‍ക്ക് പരിക്കേറ്റിരുന്നു. രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും, റിപ്പബ്ലിക് ദിനാഘോഷത്തിന്റെ സുരക്ഷ ക്രമീകരണങ്ങളും കശ്മീരില്‍ നടക്കുന്നതിനിടെയാണ് നര്‍വാലില്‍ ഇരട്ട സ്‌ഫോടനമുണ്ടാകുന്നത്. 

രണ്ടു വാഹനങ്ങളിലാണ് സ്‌ഫോടനമുണ്ടായത്. കഴിഞ്ഞമാസം 20 നാണ് ആരിഫ് വാഹനങ്ങളില്‍ ഐഇഡി ( ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) വാഹനങ്ങളില്‍ സ്ഥാപിക്കുന്നത്. സംഭവത്തില്‍ ആരിഫ് ഒറ്റയ്ക്കല്ലെന്നും, കൂട്ടാളികളുണ്ടെന്നും കശ്മീര്‍ ഡിജിപി പറഞ്ഞു. ഇതിനുശേഷം ആരിഫ് ധരിച്ചിരുന്ന വസ്ത്രങ്ങളും ഷൂസുമെല്ലാം ദൂരെ ഉപേക്ഷിച്ചതായും പൊലീസ് കണ്ടെത്തി. 

ഡിസംബര്‍ മാസം അവസാനത്തോടെയാണ് ആരിഫിനും കൂട്ടാളികള്‍ക്കും സ്‌ഫോടകവസ്തുക്കള്‍ ലഭിച്ചത്. മര്‍വാള്‍ മേഖലയില്‍ രണ്ട് ഐഇഡികളാണ് ആരിഫ് ഉപയോഗിച്ചത്. പ്രദേശത്ത് അടുത്തിടെ നടന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ട്. പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ-തയ്ബ ഭീകരന്‍ ഖാസിമിന്റെ സ്വാധീനത്തിലാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നതെന്നും കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com