ചൈനയുടെ 'ജലയുദ്ധം' ഇന്ത്യ മറികടക്കും, ജലദൗര്‍ലഭ്യവും വെള്ളപ്പൊക്കവും സൃഷ്ടിക്കാനാവില്ല, വമ്പന്‍ പദ്ധതികളുമായി ഇന്ത്യ 

ഭാവിയില്‍ ചൈനയില്‍ നിന്ന് 'ജലയുദ്ധം' നേരിട്ടേക്കാമെന്ന ഭീഷണി മറികടക്കാന്‍ അരുണാചല്‍ പ്രദേശില്‍ മെഗാ ജലവൈദ്യുത പദ്ധതിക്ക് തുടക്കമിട്ട് കേന്ദ്രസര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഭാവിയില്‍ ചൈനയില്‍ നിന്ന് 'ജലയുദ്ധം' നേരിട്ടേക്കാമെന്ന ഭീഷണി മറികടക്കാന്‍ അരുണാചല്‍ പ്രദേശില്‍ മെഗാ ജലവൈദ്യുത പദ്ധതിക്ക് തുടക്കമിട്ട് കേന്ദ്രസര്‍ക്കാര്‍. അരുണാചല്‍ പ്രദേശില്‍ ബ്രഹ്മപുത്ര നദിയുടെ പോഷക നദിയായ സുബന്‍സിരിയുടെ ഉയര്‍ന്ന തടത്തില്‍ 11000 മെഗാവാട്ട് പ്രോജക്ട് യാഥാര്‍ഥ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കിയത്.

ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ അണക്കെട്ട് നിര്‍മ്മിച്ച് ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിക്കാന്‍ ചൈന ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളുണ്ട്. ഈ പശ്ചാത്തലത്തില്‍ മുടങ്ങിക്കിടന്ന മൂന്ന് പദ്ധതികള്‍ വേഗത്തിലാക്കാനും കേന്ദ്രസര്‍ക്കാര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര ഊര്‍ജ്ജമന്ത്രാലയത്തിന്റെ തത്വത്തിലുള്ള അംഗീകാരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് പദ്ധതികളും കേന്ദ്ര പൊതുമേഖല സ്ഥാപനമായ നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന് കൈമാറാനാണ് സാധ്യത.

തിബറ്റില്‍ യാര്‍ലുങ് സാങ്‌പോയില്‍ 60,000 മെഗാവാട്ട് പദ്ധതി നടപ്പാക്കാനാണ് ചൈന ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.അരുണാചല്‍ പ്രദേശ് അതിര്‍ത്തിയായ മെഡോങ്ങിലാണ് ചൈനയുടെ നിര്‍ദിഷ്ട പദ്ധതി വരുന്നത്.  കൂടാതെ മറ്റു ചില വൈദ്യുതപദ്ധതികളും ചൈന ലക്ഷ്യമിടുന്നുണ്ട്. ചൈന വെള്ളം തിരിച്ചുവിടുകയാണെങ്കില്‍ ജലദൗര്‍ലഭ്യത്തിനും വെള്ളം ഒഴുക്കിവിടുകയാണെങ്കില്‍ അസം, അരുണാചല്‍ പ്രദേശ് എന്നി സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കത്തിനും ഭീഷണി നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സുബന്‍സിരിയുടെ താഴ്ന്ന തടത്തിലെ നിര്‍ദിഷ്ട 2000 മെഗാവാട്ട് പദ്ധതി ഈ വര്‍ഷത്തിന്റെ പകുതിയോടെ പൂര്‍ത്തിയാകും. ചൈന വെള്ളം തിരിച്ചുവിട്ടാലും ജലദൗര്‍ലഭ്യത്തില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ ഇത്തരം പദ്ധതികള്‍ വഴി സാധിക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ 11000 മെഗാവാട്ട് പദ്ധതി കൂടി യാഥാര്‍ഥ്യമാകുന്നതോടെ, ചൈനീസ് ഡാമുകള്‍ മൂലമുള്ള ഭീഷണികള്‍ നേരിടാന്‍ സഹായകമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജലദൗര്‍ലഭ്യവും ചൈന കൂടുതല്‍ വെള്ളം പുറത്തേയ്ക്ക് ഒഴുക്കി വിട്ടാല്‍ സംഭവിക്കാന്‍ ഇടയുള്ള വെള്ളപ്പൊക്കത്തെയും നേരിടാന്‍ ഈ മെഗാ പദ്ധതി വഴി സാധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. കൂടാതെ അരുണാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇത് വഴി സാധിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

ഇന്ത്യയുടെ ശുദ്ധജല സോത്രസ്സുകളില്‍ 30 ശതമാനം സംഭാവന ചെയ്യുന്നത് ബ്രഹ്മപുത്രയാണ്. ജലവൈദ്യുത പദ്ധതികളിലൂടെ ഉല്‍പ്പാദിപ്പിക്കാന്‍ സാധ്യതയുള്ള വൈദ്യുതിയുടെ 40 ശതമാനവും പ്രതീക്ഷിക്കുന്നത് ബ്രഹ്മപുത്ര നദിയില്‍ നിന്നാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com