'ആധാര്‍ ദുരുപയോഗം ചെയ്ത് രാജ്യാന്തര കള്ളക്കടത്ത്, രക്ഷപ്പെടുത്താമെന്ന് പൊലീസുകാരന്റെ വാഗ്ദാനം'; യുവതിക്ക് നഷ്ടമായത് ഏഴ് ലക്ഷം, തട്ടിപ്പ് ഇങ്ങനെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd January 2023 11:53 AM |
Last Updated: 22nd January 2023 11:53 AM | A+A A- |

പ്രതീകാത്മക ചിത്രം
ഗുരുഗ്രാം: ഹരിയാനയില്‍ യുവതിയെ കബളിപ്പിച്ച് ഏഴു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മുംബൈ പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന ഫോണ്‍ വിളിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് പറയുന്നു.
ഗുരുഗ്രാമിലാണ് സംഭവം.പ്രാചി ധോക്കെയാണ് തട്ടിപ്പിന് ഇരയായത്. കുറിയര്‍ കമ്പനി ജീവനക്കാരന്‍ എന്ന നിലയിലാണ് തട്ടിപ്പുകാരന്‍ ആദ്യം വിളിച്ചതെന്ന് പ്രാചി ധോക്കെയുടെ പരാതിയില്‍ പറയുന്നു. തന്റെ പേരിലുള്ള രാജ്യാന്തര പാര്‍സല്‍ നിരസിച്ചതായി അറിയിച്ച് കൊണ്ടായിരുന്നു കോള്‍.
പാര്‍സലില്‍ മയക്കുമരുന്ന് അടങ്ങിയിരുന്നതായി ജീവനക്കാരന്‍ പറഞ്ഞു. ഇതിന് പുറമേ രണ്ടു പാസ്‌പോര്‍ട്ടുകള്‍, അഞ്ചു എടിഎം കാര്‍ഡുകള്‍, ലാപ്പ്‌ടോപ്പ് എന്നിവയാണ് പാര്‍സലില്‍ ഉണ്ടായിരുന്നതെന്നും ജീവനക്കാരന്‍ പറഞ്ഞതായി യുവതിയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍ തന്റെ പേരില്‍ ആരും പാര്‍സല്‍ അയച്ചിട്ടില്ല എന്ന് യുവതി മറുപടി നല്‍കി. എന്നാല്‍ പ്രാചിയുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്തതായും പൊലീസില്‍ പരാതി നല്‍കാനും ജീവനക്കാരന്‍ പറഞ്ഞതായി പൊലീസ് പറയുന്നു.
ഇതിന് പിന്നാല്‍ ജീവനക്കാരന്‍ ഫോണ്‍ മറ്റൊരാള്‍ക്ക് നല്‍കി. മുംബൈ പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയാണ് സംസാരിച്ച് തുടങ്ങിയത്. യുവതിയുടെ തിരിച്ചറിയല്‍ രേഖ ദുരുപയോഗം ചെയ്ത് രാജ്യാന്തര കള്ളക്കടത്തിനും കള്ളപ്പണം വെളുപ്പിക്കാനും ഉപയോഗിച്ചതായി മുംബൈ പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന സംസാരിച്ചയാള്‍ പറഞ്ഞതായും യുവതിയുടെ പരാതിയില്‍ പറയുന്നു.
കേസില്‍ താന്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് കാണിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് അവര്‍ വാഗ്ദാനം നല്‍കി. ആര്‍ബിഐയുമായി ചേര്‍ന്ന് അന്വേഷണം നടക്കുന്നു എന്ന വ്യാജേന തട്ടിപ്പുകാരന്‍ ആദ്യം ഒരു ലക്ഷത്തോളം രൂപ ആവശ്യപ്പെട്ടു. വിവിധ തവണകളായി ഏകദേശം ഏഴുലക്ഷം രൂപ ഇത്തരത്തില്‍ തട്ടിയെടുത്തതായാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. അന്വേഷണത്തിനും സെക്യൂരിറ്റി ഡെപ്പോസിറ്റിനും എന്ന പേരിലാണ് പണം ആവശ്യപ്പെട്ടതെന്നും പൊലീസ് പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
പെണ്‍കുട്ടിയുടെ മൃതദേഹം കൃഷിയിടത്തില്‍, ദുരൂഹത; അന്വേഷണത്തിന് പ്രത്യേക സംഘം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ