'ചാണകം കൊണ്ട് നിര്‍മിച്ച വീടിന് അണുവികിരണം ഏല്‍ക്കില്ല'; വിചിത്രവാദവുമായി ഗുജറാത്ത് കോടതി 

ചാണകം കൊണ്ടു നിര്‍മിച്ച വീടുകള്‍ക്ക് അണുവികിരണം ഏല്‍ക്കില്ലെന്ന് ശാസ്ത്രം തെളിയിച്ചതായി വിചിത്ര വാദവുമായി സെഷന്‍സ് കോടതി ജഡ്ജി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: ചാണകം കൊണ്ടു നിര്‍മിച്ച വീടുകള്‍ക്ക് അണുവികിരണം ഏല്‍ക്കില്ലെന്ന് ശാസ്ത്രം തെളിയിച്ചതായ വിചിത്ര വാദവുമായി സെഷന്‍സ് കോടതി ജഡ്ജി. രാജ്യത്ത് പശുക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നി കൊണ്ടായിരുന്നു ഗുജറാത്തിലെ തപി സെഷന്‍സ് കോടതി ജഡ്ജിയുടെ പരാമര്‍ശം.

ഗുജറാത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് അനധികൃതമായി കന്നുകാലികളെ കടത്തിയതിന് 22കാരന് ജീവപര്യന്തം തടവുശിക്ഷ വിധിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. ജില്ലാ സെഷന്‍സ് ജഡ്ജി സമീര്‍ വ്യാസിന്റേതാണ് നിരീക്ഷണം.

ഗോമൂത്രം നിരവധി മാരക അസുഖങ്ങള്‍ക്കുള്ള പരിഹാരമാണെന്നും കോടതി പറഞ്ഞു. പശു അമ്മയാണ്. കേവലം ഒരു മൃഗം മാത്രമല്ല. ഗോവധത്തില്‍ അതൃപ്തി രേഖപ്പെടുത്തി കൊണ്ട് ജഡ്ജി സമീര്‍ വ്യാസ് പറഞ്ഞു.

പശുവിന്റെ ഒരു തുള്ളി രക്തം പോലും ഭൂമിയില്‍ പതിക്കാത്ത ദിവസം ഭൂമിയിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. അതുകൊണ്ട് ഗോസംരക്ഷണത്തെ കുറിച്ച് ചര്‍ച്ച നടത്തണം. അനധികൃതമായി പശുക്കളെ കൊല്ലുന്നതും കടത്തുന്നതും പതിവായി സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇത് പരിഷ്‌കൃത സമൂഹത്തിന് അപമാനമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

മതത്തിന്റെ പ്രതീകമാണ് പശു. പശുവിനെ അടിസ്ഥാനമാക്കിയുള്ള ജൈവ കൃഷി നിരവധി അസുഖങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കും. ചാണകം കൊണ്ടു നിര്‍മിച്ച വീടുകള്‍ക്ക് അണുവികിരണം ഏല്‍ക്കില്ലെന്ന് ശാസ്ത്രം തെളിയിച്ചതായും ഗോമൂത്രം നിരവധി മാരക അസുഖങ്ങള്‍ക്കുള്ള പ്രതിവിധിയാണെന്നും ജഡ്ജി പറഞ്ഞു. 2020 ഓഗസ്റ്റില്‍ 16 പശുക്കളെ  അനധികൃതമായി ട്രക്കില്‍ കടത്തിയതിനാണ് മുഹമ്മദ്  അമീന്‍ എന്ന യുവാവ് അറസ്റ്റിലായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com