ഡൽഹിക്ക് ആശ്വാസം; യമുന നദിയിലെ ജലനിരപ്പ് താഴുന്നു, ഇന്ന് യെല്ലോ അലർട്ട്

By സമകാലിക മലയാളം ഡെസ്ക്       |   Published: 15th July 2023 07:29 AM  |  

Last Updated: 15th July 2023 07:29 AM  |   A+A-   |  

delhi

ഡൽഹിയിൽ കനത്ത മഴ/ പിടിഐ

ന്യൂഡൽഹി: ഡൽഹിക്ക് ആശ്വാസമായി യമുന നദിയിലെ ജലനിരപ്പ് താഴുന്നു. ജലനിരപ്പ് 208.02 മീറ്ററിന് താഴെ എത്തി എന്നാണ് റിപ്പോർട്ട്. കനത്ത മഴയെ തുടർന്ന് ഹത്നികുണ്ഡ് ബാരേജിൽ നിന്ന് വെള്ളം തുറന്നുവിട്ടതിനെ തുടർന്നാണ് നദിയിലെ ജലനിരപ്പ് ഉയർന്നത്. ഇന്ന് രാവിലെ 10 മണിയോടെ ജലനിരപ്പ് 207.65 മീറ്റർ എത്തുമെന്നാണ് വിലയിരുത്തലെന്നും അധികൃതർ വ്യക്തമാക്കി. യമുന നദിയിലെ ജലനിരപ്പ് ഉയർന്നാണ് രാജ്യതലസ്ഥാനത്ത് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമെന്ന് കാലാവസ്ഥ വകുപ്പ് പറഞ്ഞു. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ഡൽഹിയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 

താഴ്‌ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന 16,564 ആളുകളെ ഇതുവരെ മാറ്റി പാർപ്പിച്ചു. അടുത്ത് അഞ്ച് ദിവസത്തേക്ക് ഡൽഹിയിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് രാജ്യതലസ്ഥാനത്ത് പെയ്തത്.

യമുന നദിയിലെ ജലനിരപ്പ് അപകട നിലയ്‌ക്ക് മുകളിൽ ഉയർന്നതാണ് ഡൽഹിയിൽ പ്രളയമുണ്ടാകാൻ കാരണം. യമുനയിലെ ജലനിരപ്പ് ഇന്നലെ രാത്രി 208.2 മീറ്റർ എത്തി. ഡൽഹിയിൽ ഇന്നലെ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടിൽ വീണ് മൂന്ന് കുട്ടികൾ മരിച്ചു. ഡല്‍ഹിയില്‍ മഴക്കെടുതിയെ തുടര്‍ന്നുള്ള ആദ്യമരണമാണിത്. മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനം നടക്കുന്ന സ്ഥലത്തുള്ള കുഴിയില്‍ നിറഞ്ഞ വെള്ളത്തില്‍ നീന്താനിറങ്ങിയ പിയൂഷ് (13) നിഖില്‍ (10) അശീഷ് (13) എന്നിവരാണ് മരിച്ചത്‌. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഏക സിവിൽ കോഡ്; സമയപരിധി നീട്ടി, രണ്ടാഴ്ച കൂടി പൊതുജനാഭിപ്രായം അറിയിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ