മണിപ്പൂര്‍: അവിശ്വാസം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും; നോട്ടീസിന് സ്പീക്കറുടെ അംഗീകാരം

എല്ലാ എംപിമാരും പാര്‍ലമെന്ററി ഓഫീസില്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ദ്ദേശിച്ച് കോണ്‍ഗ്രസ് വിപ്പ് പുറപ്പെടുവിച്ചു
ലോക്സഭ സ്പീക്കർ ഓം ബിർല/ പിടിഐ
ലോക്സഭ സ്പീക്കർ ഓം ബിർല/ പിടിഐ

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്‌സഭ സ്പീക്കര്‍ അംഗീകരിച്ചു.  കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയിയും പ്രതിപക്ഷ സഖ്യമായ ഇന്ത്യയില്‍ ഉള്‍പ്പെടാത്ത ബിആര്‍എസിന്റെ നമോ നാഗേശ്വര റാവുവുമാണ് അവിശ്വാസ നോട്ടീസ് നല്‍കിയത്. എല്ലാ പാര്‍ട്ടി നേതാക്കളുമായും സംസാരിച്ചശേഷം അവിശ്വാസ നോട്ടീസിന്മേല്‍ ചര്‍ച്ചയുടെ തീയതി തീരുമാനിക്കുമെന്ന് സ്പീക്കര്‍ ഓം ബിര്‍ല പറഞ്ഞു. 

മണിപ്പൂര്‍ കലാപം, സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ എന്നിവയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യം തുടര്‍ച്ചയായി നിരാകരിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ സഖ്യം അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അവിശ്വാസപ്രമേയം അവതരിപ്പിക്കണമെങ്കില്‍ ലോക്‌സഭയിലെ അമ്പത് എംപിമാരുടെ പിന്തുണ വേണം.

അതിനാല്‍ എല്ലാ എംപിമാരും പാര്‍ലമെന്ററി ഓഫീസില്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ദ്ദേശിച്ച് കോണ്‍ഗ്രസ് വിപ്പ് പുറപ്പെടുവിച്ചു. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയെക്കൊണ്ട് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിക്കുക എന്നതാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. പ്രമേയം ലോക്‌സഭ പരിഗണിച്ചാല്‍ പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് മറുപടി പറയേണ്ടി വരും. വിഷയത്തില്‍ പ്രധാനമന്ത്രി സഭയില്‍ പ്രസ്താവന നടത്തണമെന്ന് പാര്‍ലമെന്റ് സമ്മേളനത്തിന്റെ തുടക്കം മുതലേ പ്രതിപക്ഷ സഖ്യം ആവശ്യപ്പെടുന്നുണ്ട്. 

എന്നാല്‍ വിഷയത്തില്‍ റൂള്‍ 176 അനുസരിച്ച് ഹ്രസ്വ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയുമെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. മണിപ്പൂര്‍ വിഷയത്തില്‍ ഇന്നും പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നു. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും സ്തംഭിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇ്‌പ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com