ഒറ്റദിവസം പാര്‍ട്ടി വിട്ടത് 13 നേതാക്കള്‍; തമിഴ്‌നാട് ബിജെപിയില്‍ പോര് രൂക്ഷം, എഐഎഡിഎംകെ ബന്ധവും ഉലയുന്നു

തമിഴ്നാട് ബിജെപിയില്‍ നിന്നു തുടര്‍ച്ചയായ മൂന്നാം ദിവസവും കൊഴിഞ്ഞു പോക്ക് തുടരുന്നതിനിടെ എഐഎഡിഎംകെയുമായുള്ള ബന്ധത്തിലും വിള്ളല്‍ വീഴുന്നു
ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ/ഫയല്‍
ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ/ഫയല്‍

ചെന്നൈ: തമിഴ്നാട് ബിജെപിയില്‍ നിന്നു തുടര്‍ച്ചയായ മൂന്നാം ദിവസവും കൊഴിഞ്ഞു പോക്ക് തുടരുന്നതിനിടെ എഐഎഡിഎംകെയുമായുള്ള ബന്ധത്തിലും വിള്ളല്‍ വീഴുന്നു. ബിജെപി സംസ്ഥാന ഭാരവാഹികള്‍ അടക്കം 13 പേര്‍ക്കൂടി ഇന്നലെ രാജിവച്ചു. ഇവരെല്ലാം വരും ദിവസങ്ങളില്‍ എഐഡിഎംകെയില്‍ ചേരും. ബിജെപി ഐടി വിഭാഗം സംസ്ഥാന അധ്യക്ഷനായിരുന്ന സി ടി ആര്‍ നിര്‍മല്‍ കുമാര്‍ സംസ്ഥാനാധ്യക്ഷന്‍ കെ അണ്ണാമലൈയുമായുള്ള ഭിന്നതയെ തുടര്‍ന്നു രാജിവച്ചതിന് പിന്നാലെയാണ് കൊഴിഞ്ഞുപോക്ക് ശക്തമായത്. ചെന്നൈ വെസ്റ്റ് ജില്ല ഐടി ഭാരവാഹികളായ 13 പേരാണ് ഒടുവില്‍ രാജി പ്രഖ്യാപിച്ചത്.

അതേസമയം, ബിജെപി വിടുന്നവരെ സഖ്യകക്ഷിയായ അണ്ണാഡിഎംകെ സ്വീകരിക്കുന്നതിനെതിരെ ഇരു പാര്‍ട്ടി നേതാക്കളും തമ്മിലുള്ള വാക്പോര് തുടരുകയാണ്. അധാര്‍മിക നടപടി എന്നാണ് ബിജെപി എഐഡിഎംകെ നിലപാടിനെ വിമര്‍ശിച്ചത്. പലയിടത്തും എടപ്പാടി പളനിസാമിയുടെ ചിത്രങ്ങള്‍ കത്തിച്ചു. 

ഇതിനെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി അണ്ണാഡിഎംകെയിലെ മുതിര്‍ന്ന നേതാവ് ഡി ജയകുമാര്‍ രംഗത്തെത്തി. പാര്‍ട്ടി പ്രവര്‍ത്തകര്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിക്കുമ്പോള്‍ അത് അംഗീകരിക്കാനുള്ള രാഷ്ട്രീയ പക്വത അണ്ണാമലൈയ്ക്ക് ഉള്‍പ്പെടെ എല്ലാവര്‍ക്കും ഉണ്ടാകണമെന്നും ഇപിഎസിന്റെ ചിത്രം കത്തിച്ചവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്നും ജയകുമാര്‍ ആവശ്യപ്പെട്ടു. അതേസമയം, അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ബിജെപിയുമായുള്ള സഖ്യം തുടരുമെന്നും ജയകുമാര്‍ വ്യക്തമാക്കി. 

ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കണമെന്ന് എഐഡിഎംകെയില്‍ ആവശ്യം ശക്തമാണ്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുതല്‍ ബിജെപിക്കൊപ്പം മത്സരിച്ച മൂന്നു തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചതെന്ന് സഖ്യം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.  എഐഎഡിഎംകെ നേതാക്കളായ ഇ പളനിസാമിയും ഒ പനീര്‍ശെല്‍വവും തമ്മില്‍ നിലനില്‍ക്കുന്ന പോര് മുതലെടുത്ത് നാല് എംഎല്‍എമാര്‍ മാത്രമുള്ള ബിജെപി നിയമസഭയില്‍ പ്രധാനപ്രതിപക്ഷമാകാന്‍ ശ്രമിക്കുന്നതാണ് പ്രശ്നങ്ങള്‍ക്കു തുടക്കമിട്ടതെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com