2026ല്‍ ഇന്ത്യയെ അഖണ്ഡ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കും; വീണ്ടും വിദ്വേഷ പ്രസംഗവുമായി രാജാ സിങ്

2026ഓടെ ഇന്ത്യയെ അഖണ്ഡ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന് മുന്‍ ബിജെപി എംഎല്‍എ രാജാ സിങ്
രാജാ സിങ്/ഫയല്‍
രാജാ സിങ്/ഫയല്‍

പൂനെ: 2026ഓടെ ഇന്ത്യയെ അഖണ്ഡ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന് ബിജെപിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത എംഎല്‍എ രാജാ സിങ്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ ഹിന്ദുത്വ സംഘടനകള്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് രാജാ സിങ് വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയത്. അഹമ്മദ്‌നഗറിന്റെ പേര് അഹല്യനഗര്‍ എന്നും ഹൈദരബാദിന്റെത് ഭാഗ്യനഗര്‍ എന്നും മാറ്റുമെന്നും രാജാ സിങ് പറഞ്ഞു.

പ്രവാചക നിന്ദ നടത്തിയതിന് തെലങ്കാനയില്‍ അറസ്റ്റിലായി വിവാദത്തിലായ എംഎല്‍എയാണ് രാജാ സിങ്. അറസ്റ്റിലായതിന് പിന്നാലെ രാജയെ ബിജെപി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

'അഖണ്ഡ ഹിന്ദു രാഷ്ട്രത്തിന് വേണ്ടി ഹിന്ദുക്കള്‍ ആവശ്യപ്പെടുകയാണ്. 50 മുസ്ലിം രാജ്യങ്ങളും 150 ക്രിസ്ത്യന്‍ രാജ്യങ്ങളും ആകാമെങ്കില്‍ എന്തുകൊണ്ട് ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള ഇന്ത്യയ്ക്ക് ഹിന്ദുരാഷ്ട്രമായിക്കൂടാ. 2025ലൊ 2026ലൊ ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കപ്പെടും. ഇത് എന്റെ ആവശ്യമല്ല. എല്ലാ സന്ന്യാസിമാരുടേയും ഗര്‍ജനമാണ്.'- രാജാ സിങ് പറഞ്ഞു. 

മഹാരാഷ്ട്രയിലെ ഔറംഗാബാദിന്റെയും ഒസ്മാന്‍ബാദിന്റെയും പേര് മാറ്റം ഒരു തുടക്കം മാത്രമാണെന്നും രാജാ സിങ് പറഞ്ഞു. ഔറംഗാബാദിന്റെ പേര് മാറ്റുന്നതിന് എതിരെ രംഗത്തുവന്ന എഐഎംഐഎം എംപി ഇംതിയാസ് ജലീലിന്റെ പ്രസ്താവനയ്ക്ക് എതിരെയും രാജാ സിങ് പ്രതികരണം നടത്തി. ഔറംഗാബാദില്‍ ജനിച്ച നിങ്ങള്‍ സംഭാജി നഗറിലായിരിക്കും മരിക്കുക. ഹിന്ദു രാഷ്ട്രത്തിലായിരിക്കും മരിക്കുക- രാജാ സിങ് പറഞ്ഞു. ഔറംഗാബാദിലാണ് താന്‍ ജനിച്ചതെന്നും ഔറംഗാബാദില്‍ തന്നെ മരിക്കും എന്നുമായിരുന്നു ഇംതിയാസിന്റെ പ്രസ്താവന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com