ഇസഡ് പ്ലസ് സുരക്ഷ, ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസം; പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്, പിടിയിലായത് ഇങ്ങനെ- വീഡിയോ

പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന ജമ്മു കശ്മീര്‍ ഭരണകൂടത്തെ കബളിപ്പിച്ച തട്ടിപ്പുകാരന്‍ പിടിയില്‍
സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം കശ്മീര്‍ സന്ദര്‍ശിക്കുന്ന ദൃശ്യം, ട്വിറ്റര്‍
സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം കശ്മീര്‍ സന്ദര്‍ശിക്കുന്ന ദൃശ്യം, ട്വിറ്റര്‍

ശ്രീനഗര്‍:  പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന ജമ്മു കശ്മീര്‍ ഭരണകൂടത്തെ കബളിപ്പിച്ച ​ഗുജറാത്ത് സ്വദേശിയായ തട്ടിപ്പുകാരന്‍ പിടിയില്‍. ഈ വര്‍ഷം ഇതുവരെ രണ്ടു തവണയാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് എന്ന് അവകാശപ്പെട്ട് കിരണ്‍ ഭായ് പട്ടേല്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ അഡീഷണല്‍ ഡയറക്ടര്‍ എന്ന വ്യാജേന ശ്രീനഗറില്‍ എത്തിയ കിരണ്‍ ഭായ് പട്ടേലിന് ഇസഡ് പ്ലസ് സുരക്ഷയാണ് ഒരുക്കിയത്. കൂടാതെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

ഫെബ്രുവരിയിലാണ് കിരണ്‍ ഭായ് പട്ടേല്‍ ആദ്യമായി താഴ് വരയില്‍ എത്തിയത്. ഹെല്‍ത്ത് റിസോര്‍ട്ടുകള്‍ സന്ദര്‍ശിക്കാന്‍ എന്ന പേരിലാണ് എത്തിയത്. മാര്‍ച്ചിലാണ് രണ്ടാമത്തെ സന്ദര്‍ശനം.  രണ്ടാഴ്ചയ്ക്കിടെ നടന്ന രണ്ടാമത്തെ സന്ദര്‍ശനത്തില്‍ സംശയം തോന്നിയ ഐഎഎസ് ഉദ്യോഗസ്ഥന്‍ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന തട്ടിപ്പ് നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗം അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ശ്രീനഗറില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ തിരിച്ചറിയുന്നതില്‍ വീഴ്ച സംഭവിച്ച രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ട്. 

പത്തുദിവസം മുന്‍പാണ് ഇയാള്‍ അറസ്റ്റിലായത്. കിരണ്‍ ഭായ് പട്ടേലിനെ കോടതി ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെയാണ് ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന നിരവധി ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ ഇയാള്‍ പങ്കുവെച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ അതിര്‍ത്തി പോസ്റ്റില്‍ വരെ പട്ടേല്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഗുജറാത്തില്‍ നിന്ന് കൂടുതല്‍ വിനോദസഞ്ചാരികളെ ജമ്മു കശ്മീരിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ച് ജമ്മു കശ്മീരിലെ ഉദ്യോഗസ്ഥരുമായി ഇദ്ദേഹം ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. 

പട്ടേലിന്റെ വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ട് പിന്തുടരുന്ന ആയിരങ്ങളുടെ കൂട്ടത്തില്‍ ബിജെപി ഗുജറാത്ത് ജനറല്‍ സെക്രട്ടറിയും ഉള്‍പ്പെടുന്നു.കോമണ്‍വെല്‍ത്ത് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി എടുത്തതായാണ് ട്വിറ്റര്‍ ബയോയില്‍ പറയുന്നത്.  ട്രിച്ചി ഐഐഎമ്മില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കിയതായും മറ്റു ബിരുദങ്ങള്‍ കരസ്ഥമാക്കിയതായും ബയോയില്‍ അവകാശപ്പെടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com