രാജസ്ഥാനില്‍ പുതിയ 19 ജില്ലകള്‍ കൂടി; തെരഞ്ഞെടുപ്പു വര്‍ഷത്തില്‍ പ്രഖ്യാപനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2023 12:39 PM  |  

Last Updated: 18th March 2023 12:40 PM  |   A+A-   |  

ashok gehlot

അശോക് ഗേലോട്ട്,/ഫയല്‍

 

ജയ്പുര്‍: രാജസ്ഥാനില്‍ പുതിയ 19 ജില്ലകളുടെ രൂപീകരണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അശോക് ഗേലോട്ട്. പുതിയ ജില്ലകള്‍ക്കായി രണ്ടായിരം കോടിയുടെ വികസന പാക്കേജും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടാണ് നീക്കമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ വിലയിരുത്തല്‍.

2008നു ശേഷം രാജസ്ഥാനില്‍ പുതിയ ജില്ലകള്‍ രൂപീകരിക്കുന്നത് ആദ്യമാണ്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ സംസ്ഥാനത്തെ ആകെ ജില്ലകളുടെ എണ്ണം 50 ആയി.

19 ജില്ലകളും മൂന്നു ഡിവിഷനുകളും പുതുതായി രൂപീകരിക്കുമെന്ന്, ബജറ്റ്  ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ബന്‍സ്വര, പാലി, സികര്‍ എന്നിവയാണ് പുതിയ ഡിവിഷനുകള്‍. പുതിയ ജില്ലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും മനുഷ്യ വിഭവ ശേഷി മെച്ചപ്പെടുത്തലിനുമായി രണ്ടായിരം കോടി നീക്കിവയ്ക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. 

വിസ്തൃതിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമാണ് രാജസ്ഥാന്‍. ചില പ്രദേശങ്ങള്‍ ജില്ലാ ആസ്ഥാനങ്ങളില്‍നിന്ന് നൂറു കിലോമീറ്ററിലേറെ അകലെയാണെന്ന് ഗേലോട്ട് ചൂണ്ടിക്കാട്ടി. ചെറിയ ജില്ലകള്‍ ഭരണം സുഗമമാക്കും. ക്രമസമാധാനവും മെച്ചപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സൻസദ് ടിവിയുടെ ശബ്‌ദം പോയത് സാങ്കേതിക തടസ്സം; വിശദീകരണവുമായി ലോക്‌സഭ സെക്രട്ടേറിയറ്റ്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ