80,000 ഓളം പൊലീസുകാര്‍ എന്തെടുക്കുകയായിരുന്നു?; അമൃത്പാല്‍ രക്ഷപ്പെട്ടത് ഇന്റലിജന്‍സ് വീഴ്ചയെന്ന് കോടതി; ദേശീയ സുരക്ഷാ നിയമം ചുമത്തി

അമൃത് പാല്‍ സിങ്ങിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയതായി പഞ്ചാബ് സർക്കാർ കോടതിയെ അറിയിച്ചു
അമൃത്പാല്‍ സിങ്/ എഎന്‍ഐ
അമൃത്പാല്‍ സിങ്/ എഎന്‍ഐ

ന്യൂഡല്‍ഹി : ഖലിസ്ഥാന്‍ വാദി നേതാവ് അമൃത്പാല്‍ സിങ്ങ് രക്ഷപ്പെട്ടതില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. 80,000 ത്തോളം പൊലീസ് സേനാംഗങ്ങളുണ്ട്. അമൃത്പാല്‍ സിങ് കടന്നുകളഞ്ഞപ്പോള്‍ അവര്‍ എന്തെടുക്കുകയായിരുന്നുവെന്ന് കോടതി ചോദിച്ചു. അമൃത്പാല്‍ സിങ് രക്ഷപ്പെട്ടത് ഇന്റലിജന്‍സ് വീഴ്ചയല്ലേ എന്നും പഞ്ചാബ് സര്‍ക്കാരിനോട് കോടതി ചോദിച്ചു. 

അമൃത്പാലിനെതിരെ അഞ്ച്-ആറ് എഫ്‌ഐആര്‍ ഉണ്ടെന്നും, അഞ്ചോ ആറോ ക്രിമിനല്‍ കേസില്‍ അയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു. അങ്ങനെയൊരാള്‍ എങ്ങനെ പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞുവെന്ന് കോടതി ചോദിച്ചു. ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ അമൃത്സറില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയ വേളയിലാണ് അമൃത്പാലിന്റെ രക്ഷപ്പെടലെന്നും ജസ്റ്റിസ് എന്‍എസ് ഷെഖാവത്ത് ചൂണ്ടിക്കാട്ടി. 

ഖാലിസ്ഥാന്‍ വാദിയും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാല്‍ സിങ്ങിനെ പിടികൂടാനായി ശനിയാഴ്ച മുതല്‍ വ്യാപക തിരച്ചില്‍ നടത്തിവരികയാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. അമൃത്പാലിന്റെ അനുകൂലികളായ 120 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. അമൃത് പാല്‍ സിങ്ങിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയതായും കോടതിയെ അറിയിച്ചു. 

അമൃത്പാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണെന്നും, അയാളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വാരിസ് പഞ്ചാദ് ദേ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു പൊലീസിനെതിരെ കോടതിയുടെ വിമര്‍ശനം. അമൃത്പാലിനെ പൊലീസ് അനധികൃതമായി കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്നാണ് വാരിസ് പഞ്ചാബ് ദേയുടെ അഭിഭാഷകന്‍ ഇമാന്‍ സിങ് ഖാര കോടതിയില്‍ വാദിച്ചത്.

അമൃത്പാല്‍ സിങ്ങിന്റെ അനുയായികളായ അറസ്റ്റിലായ അഞ്ചുപേര്‍ക്കെതിരെയും ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള വകുപ്പ് ചുമത്തിയിട്ടുണ്ട്. പഞ്ചാബ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സുഖ്‌ചെന്‍ സിങ് ഗില്‍ ആണ് ഇക്കാര്യം അറിയിച്ചത്. അമൃത്പാലിനും സംഘത്തിനും ഐഎസ്‌ഐ ബന്ധമുണ്ടോയെന്നും, വിദേശ ഫണ്ട് ലഭിക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും ഐജി സൂചിപ്പിച്ചു. അമൃത്പാലിന്റെ ബന്ധു അടക്കം അറസ്റ്റിലായ എതാനും ഖാലിസ്ഥാന്‍ അനുകൂലികളെ അസമിലെ ദുബ്രുഗഡ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com