വേഷം മാറി ബൈക്കിലും കാറിലും യാത്ര; അമൃത്പാല്‍ സിങിന്റെ വ്യത്യസ്ത ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ്; തിരച്ചില്‍ തുടരുന്നു

By സമകാലിക മലയാളം ഡെസ്ക്  |   Published: 22nd March 2023 01:05 PM  |  

Last Updated: 22nd March 2023 01:05 PM  |   A+A-   |  

amritpal_singh

പൊലീസ് പുറത്തുവിട്ട അമൃത്പാലിന്റെ വിവിധ രൂപത്തിലുള്ള ചിത്രങ്ങള്‍

 

ന്യൂഡല്‍ഹി: പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഖലിസ്ഥാന്‍ വിഘടനവാദിയും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാല്‍ സിങിന്റെ ഏഴു ചിത്രങ്ങള്‍ പഞ്ചാബ് പൊലീസ് പുറത്തുവിട്ടു. മറ്റുള്ളവരുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ വേഷവും രൂപവും മാറ്റാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ്, അമൃത്പാലിന്റെ വിവിധ രൂപങ്ങളിലുള്ള ചിത്രങ്ങള്‍ അന്വേഷണ സംഘം പുറത്തുവിട്ടത്. വ്യത്യസ്ത തരത്തിലും നിറത്തിലുമുള്ള തലപ്പാവ് അണിഞ്ഞതും ക്ലീന്‍ ഷേവ് രൂപത്തിലുമുള്ള ചിത്രങ്ങള്‍ ഇതിലുള്‍പ്പെടുന്നു. 

ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ള അമൃത്പാല്‍ സിങിനായുള്ള തിരച്ചില്‍ പൊലീസ് തുടരുകയാണ്. അതിനിടെ,  അമൃത്പാല്‍ സിങ് സുരക്ഷാ ഏജന്‍സികളുടെ കണ്ണുവെട്ടിച്ച് കടന്നുകളയുന്നതിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കാറുകളിലും ബൈക്കിലും മാറിമാറി സഞ്ചരിച്ചും ഇടയ്ക്ക് വേഷം മാറിയുമാണ് ഇയാള്‍ ഒളിവില്‍പോയത്. 

ശനിയാഴ്ച രാവിലെ 11.27-ന് ജലന്ധറിലെ ടോള്‍ബൂത്തില്‍ സ്ഥാപിച്ചിരുന്ന ക്യാമറയില്‍ അമൃത്പാലിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. മാരുതി ബ്രസ കാറിന്റെ മുന്‍ സീറ്റില്‍ ഇരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അതിനുമുമ്പ് അമൃത്പാല്‍ മെഴ്സിഡസ് ബെന്‍സ് എസ്‌യുവിയില്‍ സഞ്ചരിക്കുന്ന വീഡിയോയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ആഡംബര വാഹനം പിന്നീട് രാജ്കോട്ടില്‍ ഉപേക്ഷിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ ബ്രെസ കാര്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 

സാധാരണ ധരിക്കാറുള്ള വസ്ത്രത്തിന് പകരം ഷര്‍ട്ട് ധരിച്ച്,  മൂന്ന് സഹായികള്‍ക്കൊപ്പം രണ്ട് ബൈക്കുകളില്‍ അമൃത്പാല്‍ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യവും പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രധാന റോഡുകള്‍ ഒഴിവാക്കി പാടത്തിന് നടുവിലൂടെയാണ് ബൈക്ക് യാത്ര. അമൃത്പാലിനെ രക്ഷപ്പെടാന്‍ സഹായിച്ച നാലുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 120 ആയി. 

ശനിയാഴ്ച അമൃത്പാലിനായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തവെ, ഇയാളും നാലു സഹായികളും ഷാകോട്ടിലെ നാങ്കള്‍ അംബിയന്‍ ഗുരുദ്വാര പുരോഹിതന്‍ രഞ്ജിത് സിങ്ങിന്റെ വസതിയിലുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. 45 മിനുട്ടോളം അമൃത്പാല്‍ വീട്ടില്‍ ചെലവഴിച്ചു. ഉച്ചഭക്ഷണവും കഴിച്ച് 1.45 ഓടെയാണ് ഇയാള്‍ വീട്ടില്‍ നിന്നും പോയത്. ഇരുണ്ട പിങ്ക് നിറത്തിലുള്ള തലപ്പാവും പീച്ച് നിറത്തിലുള്ള ഷര്‍ട്ടും ട്രൗസറും സണ്‍ഗ്ലാസും ധരിച്ച അമൃതപാല്‍ പുരോഹിതന്റെ മകന്റെ ബൈക്കിലാണ് സ്ഥലം വിട്ടത്. 

അമൃത്പാല്‍ ധരിച്ചിരുന്ന  കറുപ്പും വെളുപ്പും നിറത്തിലുള്ള ജാക്കറ്റ് പുരോഹിതന്‍ രഞ്ജിത്തിന്റെതായിരുന്നു. പോകുമ്പോള്‍ മകന്റെ ഏതാനും ഷര്‍ട്ടുകളും തലപ്പാവുകളും അമൃത്പാല്‍ എടുത്തിരുന്നതായി രഞ്ജിത് സിങ്ങിന്റെ ഭാര്യ പറഞ്ഞു. തന്റെ ഫോണ്‍ വാങ്ങി അമൃത്പാല്‍ ഏറെ നേരെ സംസാരിച്ചിരുന്നതായി രഞ്ജിത് സിങ് വെളിപ്പെടുത്തി. അമൃത്പാലിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാന്‍ ഉടന്‍ അറിയിക്കണമെന്ന് പഞ്ചാബ് പൊലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കല്‍; സമയ പരിധി നീട്ടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ