സുപ്രിയ സുലെ നേതൃത്വത്തിലേക്ക്?; എന്‍സിപി നിര്‍ണായക നേതൃയോഗം നാളെ

By സമകാലിക മലയാളം ഡെസ്ക്  |   Published: 04th May 2023 12:12 PM  |  

Last Updated: 04th May 2023 12:12 PM  |   A+A-   |  

supriya_sule

സുപ്രിയ സുലെ/ ഫയല്‍

 

മുംബൈ: പാര്‍ട്ടി അധ്യക്ഷ പദവി ഒഴിയുന്നുവെന്ന ശരദ് പവാറിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തെ തുടര്‍ന്ന് എന്‍സിപിയുടെ നിര്‍ണായക നേതൃയോഗം നാളെ ചേരും. പവാര്‍ തീരുമാനത്തില്‍ ഉറച്ചു നിന്നാല്‍ പുതിയ പ്രസിഡന്റിനെ കണ്ടെത്തേണ്ടി വരും. ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയുടെ പേരിനാണ് മുന്‍തൂക്കം. 

രാജി തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ശരദ് പവാറിനുമേല്‍ സമ്മര്‍ദ്ദം തുടരുകയാണ്. ശരദ് പവാര്‍ വഹിച്ച പദവി ഒഴിച്ചിട്ട്, സുപ്രിയ സുലെയെ എന്‍സിപി ദേശീയ വര്‍ക്കിങ് പ്രസിഡന്റാക്കുക എന്ന നിര്‍ദേശവും നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. 

ശരദ് പവാറിന്റെ അനന്തരവനും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവുമായ അജിത് പവാറിന് സംഘടനാ ചുമതലയും എല്ലാ സംസ്ഥാനങ്ങളുടെയും ചുമതലയും നല്‍കാനുള്ള നിര്‍ദേശവുമാണ് പരിഗണനയിലുള്ളത്. മൂന്നു തവണ ലോക്‌സഭ എംപിയായ വ്യക്തിയാണ് സുപ്രിയ സുലെ. അതുകൊണ്ടു തന്നെ ദേശീയതലത്തില്‍ സുപ്രിയയ്ക്ക് പാര്‍ട്ടിയെ നയിക്കാനാകുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. 

മഹാരാഷ്ട്ര കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നേതാവാണ് അജിത് പവാര്‍. അതുകൊണ്ടു തന്നെ ഈ ഫോര്‍മുല അംഗീകരിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചതായി ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പ്രഫുല്‍ പട്ടേല്‍, ഛഗന്‍ ഭുജ്ബല്‍, ദിലീപ് വത്സെ പാട്ടീല്‍, ഏക്‌നാഥ് ഖഡ്‌സെ തുടങ്ങിയ നേതാക്കള്‍ കഴിഞ്ഞദിവസം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

പെണ്‍കുട്ടികളുടെ സുരക്ഷ രാജ്യത്തിന്റെ കടമയല്ലേ?; 'മെഡലുകള്‍ തിരികെ നല്‍കാനും തയ്യാര്‍'; പുരുഷ പൊലീസ് മര്‍ദ്ദിച്ചെന്ന് വനിതാ ഗുസ്തി താരങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ