കര്‍ണാടകയില്‍ പരസ്യപ്രചാരണം സമാപിച്ചു;  മറ്റന്നാള്‍ വോട്ടെടുപ്പ്; തുടര്‍ ഭരണം ലക്ഷ്യമിട്ട് ബിജെപി; അധികാരം തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ്

ഒരുമാസത്തിലേറെ നീണ്ടു നിന്ന പ്രചാരണത്തില്‍ അത്യന്തം വീറും വാശിയും പ്രകടമായിരുന്നു
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടയില്‍ നിന്ന്‌
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടയില്‍ നിന്ന്‌

ബംഗളൂരു:  കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനം. ഒരുമാസത്തിലേറെ നീണ്ടു നിന്ന പ്രചാരണത്തില്‍ അത്യന്തം വീറും വാശിയും പ്രകടമായിരുന്നു. നാളത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാള്‍ ജനം വിധിയെഴുതും. ഭരണം നിലനിര്‍ത്താന്‍ ബിജെപി സര്‍വ ആയൂധങ്ങളും രംഗത്തിറക്കിയപ്പോള്‍ ഭരണവിരുദ്ധ വികാരം അനുകൂലമാക്കി അധികാരം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ബിജെപി 224 മണ്ഡലങ്ങളിലും, കോണ്‍ഗ്രസ് 223, ജെഡിഎസ് 207 ഇടത്തുമാണ് മത്സരിക്കുന്നത്. മെയ് പതിമൂന്നിനാണ് വോട്ടെണ്ണല്‍ 

തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ അവസാനദിവസം പ്രവര്‍ത്തകരെ ആവേശത്തിലാക്കിയത് നേതാക്കളുടെ റോഡ് ഷോയായിരുന്നു. കോണ്‍ഗ്രസ്,ബിജെപി, ജെഡിഎസ്, എഎപി നേതാക്കള്‍ വിവിധ മണ്ഡലത്തില്‍ റോഡ് ഷോ നടത്തി.  വിജയനഗര്‍ മണ്ഡലത്തിലായിരുന്നു പ്രിയങ്കയുടെ റോഡ് ഷോ. പ്രിയങ്കയ്‌ക്കൊപ്പം വിജയ്‌നഗര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും സമീപമണ്ഡലമായ ഗോവിന്ദരാജ നഗറിലെ സ്ഥാനാര്‍ഥിയും അനുഗമിച്ചു. ആയിരങ്ങളാണ് റോഡ് ഷോയില്‍ പങ്കെടുത്തത്. ഉഡുപ്പിയില്‍ ബിജെപിക്കായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ റോഡ് ഷോ നടത്തി. 

ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ദിവസങ്ങളാണ് കര്‍ണാടകയില്‍ പ്രചാരണത്തിനെത്തിയത്. അന്തിമഘട്ടത്തില്‍ മോഡി ഷോ ആയ പ്രചാരണമാണ് ബിജെപി നടത്തിയത്. രണ്ട് മെഗാ റോഡ് ഷോയും മോദി നടത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ബിജെപി പ്രചാരണത്തിനായി എത്തി.  മോദിക്കെതിരെ നടത്തിയ വിഷപ്പാമ്പ് പരാമര്‍ശം പ്രചാരണത്തില്‍ ഗുണം ചെയ്‌തെന്ന വിലയിരുത്തലിലാണ് ബിജെപി.

കോണ്‍ഗ്രസിനായി മുതിര്‍ന്ന നേതാവ് സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, കമല്‍ നാഥ്, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രചാരണത്തിന് നേതൃത്വം നല്‍കി. ജെഡിഎസിനായി ദേവഗൗഡയും കുമാര സ്വാമിയുമായിരുന്നു പ്രചാരണരംഗത്തുണ്ടായത്. ബിജെപിയുടെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായ ആള്‍ കോണ്‍ഗ്രസിലെത്തിയത് പാര്‍ട്ടിക്ക് ഗുണകരമായെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്.പ്രായാധിക്യം മറന്ന് ദേവഗൗഡ രംഗത്തിറങ്ങിയതും പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു. എഎപിക്കായി അരവിന്ദ് കെജരിവാളും പ്രചാരണത്തിനെത്തി. 

അതേസമയം, കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കര്‍ണാടകയുടെ യശസ്സിനും പരമാധികാരത്തിനും അഖണ്ഡതക്കും കളങ്കം വരുത്താന്‍ കോണ്‍ഗ്രസ് ആരെയും അനുവദിക്കില്ലെന്ന പ്രസ്താവനയ്‌ക്കെതിരെയാണ് ബിജെപി പരാതി നല്‍കിയത്. 

'പരമാധികാരം' എന്ന വാക്ക് ബോധപൂര്‍വം ഉപയോഗിച്ചതാണെന്നും ഇത് അവരുടെ അജണ്ട'യാണെന്നും പ്രതിനിധി സംഘത്തെ നയിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് പറഞ്ഞു. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരെ ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളാണ് കോണ്‍ഗ്രസ് ഉപയോഗിക്കുന്നത്'- ഭൂപേന്ദര്‍ യാദവ് മാധ്യമങ്ങളോട് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com