തന്ത്രങ്ങള്‍ ഇനി തലസ്ഥാനത്ത്; സിദ്ധരാമയ്യ ഡല്‍ഹിയില്‍, നിലപാടു മാറ്റി ശിവകുമാറും പുറകെ; തിരക്കിട്ട നീക്കങ്ങള്‍

കോണ്‍ഗ്രസിന് ഭരണം നേടിക്കൊടുക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യം. അതു നേടാനായി എന്ന് ശിവകുമാർ പറഞ്ഞു
ഡികെ ശിവകുമാർ, മല്ലികാർജുൻ ഖാർ​ഗെ, സിദ്ധരാമയ്യ എന്നിവർ/ പിടിഐ
ഡികെ ശിവകുമാർ, മല്ലികാർജുൻ ഖാർ​ഗെ, സിദ്ധരാമയ്യ എന്നിവർ/ പിടിഐ


ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ ഡല്‍ഹിയിലെത്തി. സര്‍വജ്ഞ നഗറില്‍ നിന്നും ജയിച്ച മലയാളി കൂടിയായ കെ ജെ ജോര്‍ജും ഒപ്പമുണ്ട്. നേരത്തെ ഡല്‍ഹിയിലേക്ക് ഇല്ലെന്ന് പറഞ്ഞ കര്‍ണാടക പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാറും ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. 

ഡല്‍ഹിയില്‍ വെച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേതാക്കള്‍ സിദ്ധരാമയ്യ, ഡി കെ ശിവകുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്ന് ഡല്‍ഹിക്ക് പുറപ്പെടുംമുമ്പ് ശിവകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഭരണം നേടിക്കൊടുക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യം. അതു നേടാനായി. 

ഒപ്പമുള്ള എംഎല്‍എമാര്‍ വിട്ടുപോയപ്പോഴും താന്‍ തളര്‍ന്നിരുന്നില്ലെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുത്ത ദേശീയ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജേവാല, എഐസിസി നിയോഗിച്ച മൂന്നംഗ കേന്ദ്രനിരീക്ഷകര്‍ എന്നിവരും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. നിരീക്ഷകര്‍ എംഎല്‍എമാരുമായി പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു. 

ഇതിനുശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ട് പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കൈമാറും. പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ ഈ റിപ്പോര്‍ട്ടും നിര്‍ണായകമാകും. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനം വൈകില്ലെന്നും, ഉടന്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല വ്യക്തമാക്കി. 

കര്‍ണാടകയെ നയിക്കാന്‍ സിദ്ധരാമയ്യക്കും ഡികെ ശിവകുമാറിനും ആഗ്രഹം ഉണ്ടാകുക സ്വാഭാവികമാണെന്ന് സുര്‍ജേവാല പറഞ്ഞു. 
കര്‍ണാടക മുഖ്യമന്ത്രി പ്രശ്‌നം ഭംഗിയായി പരിഹരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. സിദ്ധരാമയ്യയും ശിവകുമാറും കോണ്‍ഗ്രസിന്റെ വേണ്ടപ്പെട്ട നേതാക്കളാണ്. ആര്‍ക്കും വേവലാതി വേണ്ടെന്നും തീരുമാനം ഉടനുണ്ടാകുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com