'ഡല്‍ഹിയിലേക്ക് പോകുന്നതില്‍ തീരുമാനമെടുത്തിട്ടില്ല'; നീരസം പ്രകടിപ്പിച്ച് ഡികെ ശിവകുമാര്‍

'ചെയ്യാനുള്ളതെല്ലാം ചെയ്തു. ജനങ്ങള്‍ തിരിച്ചും നല്‍കി. കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചു'
ഡി കെ ശിവകുമാർ/ പിടിഐ
ഡി കെ ശിവകുമാർ/ പിടിഐ

ബംഗലൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ തര്‍ക്കം തുടരുന്നതിനിടെ, നീരസം പ്രകടമാക്കി കര്‍ണാടക പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാര്‍. മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലേക്ക് പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നാണ് ശിവകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. 

'ചെയ്യാനുള്ളതെല്ലാം ചെയ്തു. ജനങ്ങള്‍ തിരിച്ചും നല്‍കി. കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചു. മുഖ്യമന്ത്രി സ്ഥാനത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്നും' ശിവകുമാര്‍ പറഞ്ഞു. ജന്മദിന സമ്മാനമായി മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, 'എന്റെ ജന്മദിനത്തില്‍ ഹൈക്കമാന്‍ഡ് എന്തു നല്‍കി എന്നറിയില്ല' എന്നായിരുന്നു പ്രതികരണം. 

രാവിലെ ശിവകുമാറിനെ അനുകൂലിക്കുന്നവര്‍ അദ്ദേഹത്തിന് പ്രത്യേക സ്വീകരണം നല്‍കിയിരുന്നു. ശിവകുമാറിന്റെ വസതിയിലെത്തിയാണ് അനുയായികള്‍ ആശംസകള്‍ അറിയിച്ചത്. മെയ് 15 നാണ് ഡികെ ശിവകുമാറിന്റെ ജന്മദിനം. ജന്മദിനത്തോട് അനുബന്ധിച്ച് ശിവകുമാറിന്റെ വീടിന് മുന്നില്‍ അദ്ദേഹത്തിന് ആശംസ അര്‍പ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡുകളും വെച്ചിട്ടുണ്ട്. 

മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോരു മുറുകുന്നതിനിടെ, മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ ഹൈക്കമാന്‍ഡിനു മുന്നില്‍ സമവായ ഫോര്‍മുല മുന്നോട്ടുവെച്ചിട്ടുണ്ട്. ആദ്യത്തെ രണ്ടു വര്‍ഷം താനും ശേഷിക്കുന്ന കാലയളവില്‍ ഡി കെ ശിവകുമാറും മുഖ്യമന്ത്രിസ്ഥാനം പങ്കിടുക എന്ന നിര്‍ദേശമാണ് സിദ്ധരാമയ്യ എഐസിസി നേതൃത്വത്തിന് മുന്നില്‍ വെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

എന്നാല്‍ ഈ നിര്‍ദേശം ശിവകുമാര്‍ തള്ളി. പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തി പ്രമേയം പാസ്സാക്കിയിട്ടുണ്ട്. അതനുസരിച്ച് ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കണമെന്നാണ് ഡി കെ ശിവകുമാര്‍ ആവശ്യപ്പെടുന്നത്. സമവായ ഫോര്‍മുല അംഗീകരിച്ചില്ലെങ്കില്‍, എംഎല്‍എമാരുടെ നിലപാട് എന്താണോ അതനുസരിച്ച് തീരുമാനം എടുക്കണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടേക്കും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com