ഡികെ ഇന്ന് ഡല്‍ഹിയ്ക്ക്; ഗാന്ധി കുടുംബം ഇടപെടുന്നു; ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

ബംഗലൂരുവില്‍ ചേര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ 85 പേര്‍ സിദ്ധരാമയ്യയെ പിന്തുണച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍
സിദ്ധരാമയ്യയും ഡികെ ശിവകുമാറും/ പിടിഐ
സിദ്ധരാമയ്യയും ഡികെ ശിവകുമാറും/ പിടിഐ

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്ന് പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിപദത്തെച്ചൊല്ലി ഇടഞ്ഞു നില്‍ക്കുന്ന ഡി കെ ശിവകുമാര്‍ മുന്‍ നിലപാട് മാറ്റി ചര്‍ച്ചകള്‍ക്കായി ഇന്ന് ഡല്‍ഹിയിലെത്തും. അനുനയിപ്പിക്കാനായി സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി എന്നിവര്‍ ഇന്നു ശിവകുമാറിനെ കാണും. 

എഐസിസി നിരീക്ഷകര്‍ ഇന്നും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ചര്‍ച്ച നടത്തും. പിന്നീട് സിദ്ധരാമയ്യ, ശിവകുമാര്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തും. ഗാന്ധി കുടുംബവുമായി കൂടിയാലോചിച്ചശേഷമാകും മുഖ്യമന്ത്രി പദത്തില്‍ ഖാര്‍ഗെ തീരുമാനം പ്രഖ്യാപിക്കുക. 

ബംഗലൂരുവില്‍ ചേര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ 85 പേര്‍ സിദ്ധരാമയ്യയെ പിന്തുണച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 45 എംഎല്‍എമാരാണ് ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായം അറിയിച്ചത്. ആറു എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ എന്ന നിലപാടും അറിയിച്ചുവെന്നാണ് നിരീക്ഷകര്‍ ഖാര്‍ഗെയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. 

ഇടഞ്ഞുനില്‍ക്കുന്ന ശിവകുമാര്‍ ഇന്നലെ വൈകീട്ട് ഡല്‍ഹിയിലേക്ക് പോകുമെന്ന് പറഞ്ഞെങ്കിലും, പിന്നീട് ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി യാത്ര റദ്ദാക്കുകയായിരുന്നു. ഗാന്ധി കുടുംബം നേരിട്ട് ഇടപെട്ടതിന് പിന്നാലെയാണ് ഡികെ ഇന്ന് ഡല്‍ഹിക്ക് പോകാന്‍ തയ്യാറായതെന്നാണ് വിവരം. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിലനിര്‍ത്തുന്നതിനൊപ്പം, ഉപമുഖ്യമന്ത്രി പദവും സുപ്രധാന വകുപ്പും നല്‍കി ശിവകുമാറിനെ അനുനയിപ്പിക്കാനാണ് ശ്രമം തുടരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com