ഹൈക്കമാന്‍ഡിലും ഭിന്നത?; സോണിയ ഇന്ന് ഡല്‍ഹിയിലെത്തും; കര്‍ണാടകയില്‍ സസ്‌പെന്‍സ് തുടരുന്നു 

By സമകാലിക മലയാളം ഡെസ്ക്  |   Published: 17th May 2023 07:40 AM  |  

Last Updated: 17th May 2023 07:40 AM  |   A+A-   |  

shivakumar_karnataka

ശിവകുമാർ, മല്ലികാർജുൻ ഖാർ​ഗെ, സിദ്ധരാമയ്യ/ പിടിഐ

 

ന്യൂഡല്‍ഹി: കര്‍ണാടകയിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ചര്‍ച്ചകള്‍ തുടരുന്നു. നിലവില്‍ ഷിംലയിലുള്ള സോണിയാഗാന്ധി ഡല്‍ഹിയില്‍ എത്തിയശേഷം തുടര്‍ചര്‍ച്ചയുണ്ടാകും. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സോണിയയുടെ നിലപാട് നിര്‍ണായകമാകും. മുഖ്യമന്ത്രി സ്ഥാനത്തില്‍ സിദ്ധരാമയ്യയും ഡികെ ശിവകുമാറും നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. 

എംഎല്‍എമാരെ ഭിന്നിപ്പിക്കാനില്ലെന്നും, പാര്‍ട്ടി അമ്മയാണെന്നും ബംഗലൂരുവില്‍ പറഞ്ഞ ഡികെ ശിവകുമാര്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ നിലപാട് കര്‍ക്കശമാക്കി. സംസ്ഥാനത്ത് തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെ ഈ നിലയിലേക്ക് ഉയര്‍ത്തിയത് താനാണെന്നും, മുഖ്യമന്ത്രി പദത്തില്‍ കുറഞ്ഞ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നുമാണ് ശിവകുമാര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അറിയിച്ചത്. 

2019 ല്‍ കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാരിന്റെ തകര്‍ച്ചയില്‍ സിദ്ധരാമയ്യക്കും ഉത്തരവാദിത്തമുണ്ടെന്നും ശിവകുമാര്‍ ഖാര്‍ഗെയെ അറിയിച്ചു. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി ഇന്നലെ തന്നെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു വാര്‍ത്തകള്‍. ശിവകുമാര്‍ നിലപാടു കടുപ്പിച്ചതോടെയാണ് ചര്‍ച്ച അനിശ്ചിതത്വത്തിലായത്. സിദ്ധരാമയ്യയും ഇന്നലെ അരമണിക്കൂറിലേറെ ഖാര്‍ഗെയുമായി ചര്‍ച്ച നടത്തിയിരുന്നു. 

അതിനിടെ പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡിലും ഭിന്നാഭിപ്രായം ഉണ്ടെന്ന് സൂചന. സോണിയാഗാന്ധിയും പ്രിയങ്കാഗാന്ധിയും ശിവകുമാറിനെ അനുകൂലിക്കുന്നതായാണ് സൂചന. അതേസമയം കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണയുള്ളതിനാല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകട്ടെ എന്നാണ് രാഹുല്‍ഗാന്ധിയുടെ നിലപാട്. ഖാര്‍ഗെയും സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്നതായാണ് സൂചന. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

എട്ട് ട്രെയിനുകളിൽ ജനറൽ കോച്ചുകൾ കുറയ്ക്കുന്നു; പകരം എസി കോച്ച്

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ